Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്നൗ: വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട ധർമേന്ദ്ര യാദവ് എന്ന മിനിബസ് ഡ്രൈവറാണ് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ധർമേന്ദ്രയുടെ വാഹനത്തിലായിരുന്നു അതിഥികൾ വിവാഹത്തിനെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ഇയാൾക്ക് ലഭിച്ചില്ല. തുടർന്ന് യാദവ് പ്രകോപിതനായ ധർമേന്ദ്ര തന്റെ മിനിബസ് വിവാഹ വേദിയിലേക്ക് ഇടിച്ചുകയറ്റി അതിഥികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ച് പേർക്കും ഗുരുതരമായി പരിക്കേറ്റു. വധുവിന്റെ അമ്മാവനും പരിക്കുണ്ട്. ആറ് പേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് ശനിയാഴ്ച രാത്രിയിൽ നടക്കാനിരുന്ന വിവാഹം ഞായറാഴ്ച പുലർച്ചെയാണ് നടന്നത്. ലോക്കൽ പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.