Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: 'ത്രീ ഇഡിയറ്റസ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തി ആര്‍ജ്ജിച്ച ലഡാക്കിലെ ഡുക് പദ്മ കാര്‍പോ സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സ്‌കൂള്‍ 'റാഞ്ചോയുടെ സ്‌കൂള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി കാലതാമസങ്ങള്‍ക്കും നിരാകരണങ്ങള്‍ക്കും ശേഷമാണ് രണ്ട് പതിറ്റാണ്ടിനിപ്പുറം സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിക്കുന്നത്.
2009ല്‍ ആമിര്‍ ഖാന്‍ അഭിനയിച്ച 'ത്രീ ഇഡിയറ്റ്‌സ്' എന്ന സിനിമയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ സ്‌കൂള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ സ്‌കൂള്‍ ഇതുവരെ ജമ്മു കശ്മീര്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷനുമായി (ജെകെബിഒഎസ്ഇ) അഫിലിയേറ്റ് ചെയ്തിരുന്നു. പരമ്പരാഗതമായ പാഠ്യ സമ്പ്രദായത്തിന് പകരം നൂതനമായ അധ്യാപന രീതികള്‍ കൊണ്ട് ഡുക് പദ്മ കാര്‍പോ സ്‌കൂൾ പ്രശസ്തമാണ്.
നിലവിൽ പത്താം ക്ലാസ് വരെയുള്ളൂ. 2028ഓടെ പ്ലസ് വൺ, പ്ലസ് ടു ബാച്ചുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. വിദ്യാർഥികൾക്ക് സിബിഎസ്ഇ പാഠ്യപദ്ധതിയിലേക്ക് സുഗമമായ മാറ്റം സാധ്യമാക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം നടത്തുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
'വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷം ഞങ്ങള്‍ക്ക് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഞങ്ങളുടെ പത്താം ക്ലാസിലെ ആദ്യ ബാച്ച് ഇപ്പോള്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ്. ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മികച്ച പരീക്ഷാ ഫലങ്ങളും നൂതനമായ പഠന-അധ്യാപന രീതികളിലുള്ള ശ്രദ്ധയും ഉണ്ടായിരുന്നിട്ടും, ഇത്രയും വര്‍ഷങ്ങളായി പലതവണ ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് എന്‍ഒസി ലഭിച്ചിരുന്നില്ല'- പ്രിന്‍സിപ്പല്‍ മിന്‍ഗുര്‍ ആങ്‌മോ പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ അഫിലിയേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌കൂളുകള്‍ക്ക് അതത് സംസ്ഥാന ബോര്‍ഡില്‍ നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' (എൻഒസി) ആവശ്യമാണ്.