പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അപമാനമുണ്ടാക്കിയെന്ന് ഖാർഗെ
'ഞങ്ങൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരത് തകർക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ രാജ്യത്ത് ഭരണഘടനയാണ് പരമോന്നതം'.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സർവകക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ്. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് അപമാനമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
സർവകക്ഷി യോഗത്തിൽ എല്ലാ നേതാക്കളും പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി ബിഹാറിൽ പ്രസംഗിക്കുന്ന തിരക്കിലായിരുന്നു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ എങ്ങനെ കാണുന്നു എന്ന് ഇതിൽനിന്നും വ്യക്തമാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിന് ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചെന്നും ഖാർഗെ പറഞ്ഞു.
രാജ്യമാണ് പരമപ്രധാനം, പിന്നെയാണ് പാർട്ടികളും മതങ്ങളും. എല്ലാവരും രാജ്യത്തിനായി ഒന്നിക്കണമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഖാർഗെ രംഗത്തെത്തി. കോൺഗ്രസ് എപ്പോൾ വളരുന്നുവോ ഈ ആളുകൾ അതിനെ അടിച്ചമർത്താൻ നോക്കും. അടിച്ചമർത്തപ്പെടേണ്ടവർ ഞങ്ങളല്ല- ഖാർഗെ പറഞ്ഞു.
ഞങ്ങൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവരത് തകർക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ രാജ്യത്ത് ഭരണഘടനയാണ് പരമോന്നതം. നമ്മുടെ ജനാധിപത്യം ഭരണഘടനയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്"- അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഉത്തരവാദി മോദിയാണെന്ന് ആരോപിച്ച ഖാർഗെ, ഇത്തരം ആളുകൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്നും 56 ഇഞ്ച് നെഞ്ചളവ് കുറഞ്ഞതായും കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഈ മാസം 24നായിരുന്നു പാർലമെന്റിൽ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ആരോഗ്യമന്ത്രി ജെ.പി നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും മറ്റ് കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.