'പഹൽ​ഗാം ഭീകരാക്രമണ ശേഷം കശ്മീരും കശ്മീരികളും ഒന്നാകെ ശിക്ഷിക്കപ്പെടുകയാണ്': നാഷണൽ കോൺഫറൻസ് എംപി ആ​ഗാ റൂഹുല്ലാ‌‌

നേരത്തെ, ഭീകരാക്രമണത്തെ അപലപിച്ച് അദ്ദേഹം രം​ഗത്തെത്തിയിരുന്നു.

Update: 2025-04-28 10:17 GMT
Advertising

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണത്തിനു ശേഷം കശ്മീരിൽ ആരംഭിച്ച നടപടികളിൽ പ്രതികരിച്ച് നാഷണൽ കോൺഫറൻസ് എംപി‌ ആ​ഗാ റൂഹുല്ലാ മെഹ്ദി. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരും കശ്മീരിലെ ജനങ്ങളുമൊന്നാകെ പലവിധത്തിൽ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ആ​ഗാ റൂഹുല്ലാ മെഹ്ദി പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് കശ്മീരിൽ വ്യാപക അറസ്റ്റുകളും വീടുകൾ പൊളിക്കലും നടക്കുന്ന സാഹചര്യത്തിലാണ് റൂഹുല്ലായുടെ പ്രതികരണം. നേരത്തെ, ഭീകരാക്രമണത്തെ അപലപിച്ച് അദ്ദേഹം രം​ഗത്തെത്തിയിരുന്നു.

'പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ബുദ്ധിശൂന്യമായ ഇത്തരം അക്രമങ്ങൾ നമ്മുടെ പൊതുവായ മനുഷ്യത്വത്തിന് അപമാനവും സമൂഹത്തിന്റെ മനഃസാക്ഷിയെ കളങ്കപ്പെടുത്തുന്നതുമാണ്'- അദ്ദേഹം വ്യക്തമാക്കി.

'കശ്മീർ എല്ലായ്‌പ്പോഴും അതിന്റെ അതിഥികൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ ബന്ധത്തെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്നവർ നമ്മൾ വിലമതിക്കുന്ന മൂല്യങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്യുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള നടപടികളിൽ അതൃപ്തിയുമായി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും രം​ഗത്തെത്തിയിരുന്നു. നിരപരാധികളെ നടപടികൾ ബാധിക്കരുതെന്ന് ഒമർ അബ്ദുല്ലയും തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണക്കാരുടെ വീടുകൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് മെഹബൂബ മുഫ്തിയും എക്‌സിൽ കുറച്ചു.

ഭീകരതയ്ക്കെതിരെ കശ്മീരിലെ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഈ പിന്തുണ നിലനിർത്തണമെന്നും ജനത്തെ അകറ്റരുതെന്നും ഒമർ അബ്ദുല്ല പറ‍‍ഞ്ഞു. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ ആവശ്യപ്പെട്ടു.

'ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണ കശ്മീരികളുടെ നിരവധി വീടുകൾ തകർക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരപരാധികൾ ആഘാതം അനുഭവിക്കേണ്ടി വരാതിരിക്കാൻ സർക്കാർ നിർദേശം നൽകണം'- മെഹബൂബ് മുഫ്തി ആവശ്യപ്പെട്ടു. നിരപരാധികളെ ശിക്ഷിക്കരുതെന്ന് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖും പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News