ബിഹാർ വോട്ടർ പട്ടിക പുതുക്കൽ: ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവ സ്വീകാര്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിലെ SIR-നെതിരെ 11 പ്രതിപക്ഷ പാർട്ടികളും എൻജിഒകളും ഉൾപ്പെടെ സമർപ്പിച്ച ഹരജികൾക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്

Update: 2025-07-22 16:31 GMT
Advertising

ബിഹാർ: ബിഹാറിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (Special Intensive Revision - SIR) പ്രക്രിയയിൽ ആധാർ, വോട്ടർ ഐഡി (EPIC), റേഷൻ കാർഡ് എന്നിവ സ്വീകാര്യമായ രേഖകളായി പരിഗണിക്കില്ലെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സുപ്രിം കോടതിയിൽ വ്യക്തമാക്കി. SIR ഒരു 'ഡി നോവോ' (പുതുക്കൽ) പ്രക്രിയയാണെന്നും ഇതിന് സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്നും കമ്മീഷൻ അവകാശപ്പെട്ടു.

സുപ്രിം കോടതിയിൽ സമർപ്പിച്ച കൗണ്ടർ അഫിഡവിറ്റിൽ വോട്ടർ ഐഡി കാർഡ് (EPIC) മുൻ വോട്ടർ പട്ടികയുടെ ഉപോല്പന്നമാണെന്നും അതിനാൽ പുതിയ പരിശോധനക്ക് പകരമാകില്ലെന്നും കമീഷൻ വാദിച്ചു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ല മറിച്ച് വ്യക്തിത്വം തിരിച്ചറിയാനുള്ള ഒരു മാർഗം മാത്രമാണെന്നും ആധാർ ആക്ടിന്റെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വം സ്ഥാപിക്കുന്നില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. റേഷൻ കാർഡുകളെക്കുറിച്ച് വ്യാജ കാർഡുകളുടെ വ്യാപകമായ സാന്നിധ്യം കാരണം അവയെ ഒഴിവാക്കിയതായും കമീഷൻ വിശദീകരിച്ചു.

ബിഹാറിലെ SIR-നെതിരെ 11 പ്രതിപക്ഷ പാർട്ടികളും എൻജിഒകളും ഉൾപ്പെടെ സമർപ്പിച്ച ഹരജികൾക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. SIR റദ്ദാക്കണമെന്നും കഴിഞ്ഞ ഡിസംബറിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിച്ച് വരാനിരിക്കുന്ന നവംബർ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ SIR പ്രക്രിയ ഭരണഘടനാപരമായും നിയമപരമായും ശരിയാണെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് ഒരാളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും കമീഷൻ വ്യക്തമാക്കി.

2003-ലെ വോട്ടർ പട്ടികയിൽ പേര് ഉള്ളവർക്ക് ആ പട്ടികയിൽ നിന്നുള്ള ഒരു എക്സ്ട്രാക്ട് മാത്രം നൽകിയാൽ മതി. എന്നാൽ 2003-ന് ശേഷം രജിസ്റ്റർ ചെയ്തവർക്ക് 11 രേഖകളിൽ ഒന്നോ അതിലധികമോ ജനനത്തീയതിയോ സ്ഥലമോ തെളിയിക്കുന്നതിനായി സമർപ്പിക്കണം. ഈ പ്രക്രിയ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൃത്യമായ വോട്ടർ പട്ടിക ഉറപ്പാക്കാൻ ആവശ്യമാണെന്ന് കമീഷൻ അവകാശപ്പെടുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News