ദൻഖഡിന്റെ രാജി ബിജെപിയുടെ ഗൂഢാലോചന, ലക്ഷ്യം നിതീഷ് കുമാറെന്ന് ആർജെഡി
''ഉപരാഷ്ട്രപതിയുടെ പദവി പോലെ രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത ഒരു സ്ഥാനം നൽകി നിതീഷ് കുമാറിനെ ഒഴിവാക്കാനാണ് ബിജെപി നോക്കുന്നത്''
പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വേട്ടയാടാൻ ലക്ഷ്യമിട്ട് ബിജെപി നടത്തിയ ഗൂഢാലോചനയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിയെന്ന ആരോപണവുമായി ആര്‍ജെഡി.
''നിതീഷ് കുമാറിനെ ഒഴിവാക്കി ബിഹാറില്‍ സ്വന്തമായി ഒരു മുഖ്യമന്ത്രിയെ വേണമെന്ന് ബിജെപി വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപരാഷ്ട്രപതിയുടെ പദവി പോലെ രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത ഒരു സ്ഥാനം നൽകി നിതീഷ് കുമാറിനെ ഒഴിവാക്കാനാണ് ബിജെപി നോക്കുന്നത്. ധന്‍ഖഡിന്റെ രാജി ഇതിന്റെ ഭാഗമാണ്''- ആർജെഡി നിയമസഭാ ചീഫ് വിപ്പ് അഖ്തറുൽ ഇസ്‌ലാം ഷാഹിൻ വ്യക്തമാക്കി.
അതേസമയം ആര്‍ജെഡിയുടെ ആരോപമം തള്ളിക്കളഞ്ഞ മന്ത്രിയും ജെഡിയു നേതാവുമായ ശ്രാവൺ കുമാർ, നിതീഷ് കുമാര്‍ തന്നെയാകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എൻഡിഎയുടെ മുഖമെന്നും ഇക്കാര്യം നേരത്തെ തന്നെ ഉറപ്പിച്ചതാണെന്നും വ്യക്തമാക്കി. ഇതിനിടെ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കുന്നത് ബിഹാറിന് വളരെ നല്ലതായിരിക്കുമെന്ന് ബിജെപി എംഎൽഎ ഹരിഭൂഷൺ താക്കൂർ വ്യക്തമാക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ എത്തും എന്ന് പറയുന്നവര്‍, അവരുടെ വാദത്തിന് ബലം നല്‍കുന്നത് ബിഹാര്‍ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാണിച്ചാണ്. ബിഹാറില്‍ സ്വന്തംപാര്‍ട്ടിയില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. നിതീഷിനെ പിണക്കിയാല്‍ ബിഹാറില്‍ രാഷ്ട്രീയ തിരിച്ചടിയും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ ഉപരാഷ്ട്രപതിയായി അദ്ദേഹത്തെ ഉയര്‍ന്ന പദവിയിലേക്ക് നിയോഗിച്ചാല്‍ അത് വോട്ട് രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി കരുതുന്നത്.