Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: 2006-ലെ മുംബൈ 7/11 ട്രെയിൻ സ്ഫോടന കേസിൽ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. എന്നാൽ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനത്തെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മാലിക് മുഅതസിം ഖാൻ അപലപിച്ചു.
'19 വർഷത്തോളം അന്യായമായി തടവിൽ കഴിഞ്ഞ 12 പേരെ വെറുതെ വിട്ട ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെക്കുറിച്ചും, നിർബന്ധപൂർവ്വം നേടിയ കുറ്റസമ്മത മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകളുടെ വിശ്വാസ്യതയില്ലായ്മയെക്കുറിച്ചുമുള്ള കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾ അന്വേഷണ പ്രക്രിയകളിലെ വീഴ്ചകളെ വെളിപ്പെടുത്തുന്നു. ബോംബിന്റെ തരം പോലുള്ള അടിസ്ഥാന വിശദാംശങ്ങൾ പോലും സ്ഥാപിക്കാൻ മഹാരാഷ്ട്ര ആന്റി-ടെററിസ്റ്റ് സ്ക്വാഡിന് (എടിഎസ്) കഴിഞ്ഞില്ല. സംശയാസ്പദമായ സാക്ഷി മൊഴികളെയും തെറ്റായി കൈകാര്യം ചെയ്ത തെളിവുകളെയും ആശ്രയിച്ചു. ഇത് എടിഎസിന്റെ മാത്രമല്ല ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കൂട്ടായ പരാജയമാണ്.' മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മാലിക് മുഅതസിം ഖാൻ പറഞ്ഞു
നിരപരാധികൾ നേരിട്ട ഗുരുതരമായ അനീതിയെ കുറിച്ച് മാലിക് മുഅതസിം ഖാൻ ഊന്നിപ്പറഞ്ഞു: '19 വർഷം ജയിലിൽ കഴിഞ്ഞ ഈ വ്യക്തികൾ ഹൈക്കോടതി നിരീക്ഷിച്ചതുപോലെ ഉപദ്രവവും പീഡനവും അനുഭവിച്ചു. അവരുടെ കുടുംബങ്ങൾ സാമൂഹികമായി അവഹേളിക്കപ്പെട്ട. അവരുടെ ജീവിതം തിരുത്താനാകാത്തവിധം തകർന്നു. ഈ ഗുരുതരമായ പിഴവുകൾ അംഗീകരിച്ച് നിരപരാധികൾക്ക് അവരുടെ ദുരിതത്തിന് നഷ്ടപരിഹാരം നൽകുന്നതിനു പകരം മഹാരാഷ്ട്ര സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകുകയാണ്. ഈ നീക്കം കോടതിയുടെ കണ്ടെത്തലുകളെ അവഗണിക്കുകയും യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.'
സ്ഫോടനങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു: '7/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 19 വർഷങ്ങൾക്ക് ശേഷവും നീതി ലഭിച്ചിട്ടില്ല. 671 പേജുള്ള ഹൈക്കോടതി വിധി കുറ്റം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷന്റെ അപര്യാപ്തതയെ എടുത്തുകാണിക്കുന്നു. ഈ ഹീനമായ കുറ്റകൃത്യം ആസൂത്രണം ചെയ്തവർ ആരാണെന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ന്യായമായി വിധിച്ച ഒരു വിധിക്കെതിരെ അപ്പീൽ നൽകി വിഭവങ്ങൾ പാഴാക്കുന്നതിനു പകരം മഹാരാഷ്ട്ര സർക്കാർ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നീതിക്ക് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ ഒരു പുനരന്വേഷണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കണം.'