Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മംഗളൂരു: കർണാടകയിലെ ധര്‍മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങൾ തന്നെ. അന്വേഷണസംഘം രേഖപ്പെടുത്തിയ ആറാമത്തെ സ്പോട്ടിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഫോറൻസിക് ലാബിലേക്ക് മാറ്റി. പ്രദേശത്ത് മണ്ണ് മാറ്റിയുള്ള പരിശോധന തുടരുകയാണ്.
നേത്രാവതിപ്പുഴയുടെ മറുകരയിലെ വനമേഖലയിൽ മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. 100ലധികം പെൺകുട്ടികളുടെ മൃതശരീരങ്ങൾ കുഴിച്ചുമൂടി എന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണത്തിനായി കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം വനത്തിനുള്ള 13 സ്ഥലങ്ങൾ കഴിഞ്ഞ ദിവസം മാർക്ക് ചെയ്തിരുന്നു. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ മൂന്നാമത്തെ ദിവസമാണ് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. ആറാമത്തെ സ്പോട്ടിൽ രണ്ടര അടി ആഴത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂട ഭാഗങ്ങൾ.
എന്നാൽ ഇത് ഒരു പുരുഷന്റെ അസ്ഥികൂട ഭാഗങ്ങൾ ആണെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. കണ്ടെത്തിയ ഭാഗങ്ങളിൽ വിശദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പം വനം റവന്യൂ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. വരുംദിവസങ്ങളിലും പ്രദേശത്തെ പരിശോധന തുടരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.