'പ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിന് തെളിവില്ല, ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തുമില്ല''- വിധിയില്‍ കോടതി പറഞ്ഞത്...
പ്രതികൾക്കെതിരെ യുഎപിഎ ചുമത്താൻ എങ്ങനെ കഴിയുമെന്നും കോടതി
മുംബൈ: തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മാലേഗാവ് സ്ഫോടനക്കേസില്‍ ഏഴ് പ്രതികളേയും മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വെറുതേ വിട്ടത്. പ്രതികളിലൊരാളായ കേണൽ ശ്രീകാന്ത് പുരോഹിത്, ആര്‍ഡിഎക്സ് വാങ്ങി എന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.
ഗൂഢാലോചനകൾക്ക് യോഗം ചേർന്നതിനും തെളിവില്ല. ബോംബ് പ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് വച്ചത് എന്നിനും തെളിവില്ല. പുരോഹിതിൻ്റെ വിരലടയാളം ഒരിടത്തുമില്ല. നാല് ഏജൻസികൾ അന്വഷിച്ചിട്ടും മതിയായ തെളിവില്ല. അന്വേഷണത്തിൽ നിരവധി സാങ്കേതികപിഴവുണ്ടെന്നും അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്നും കോടതി പറയുന്നു.
എൽഎംഎൽ ഫ്രീഡം ബൈക്കിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രഗ്യാസിങ് താക്കൂർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിനു രണ്ടുവർഷം മുമ്പ് അവർ സന്യാസിയായതിനാൽ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതികൾക്കെതിരെ യുഎപിഎ ചുമത്താൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. യുഎപിഎ, ആയുധ നിയമം, മറ്റ് കുറ്റങ്ങൾ എന്നിവയിൽ നിന്ന് എല്ലാം പ്രതികളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഭീകരതയ്ക്ക് മതമില്ലെന്നും ഒരുമതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ചില ധാരണകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാനാകില്ല. ശക്തമായ തെളിവുകള്‍ വേണമെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.
2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്ഫോടന കേസ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്.
മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.