2009 ൽ ഐപിഎൽ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ 15 വർഷത്തിനിപ്പുറം മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിക്ക് അനുകൂല വിധി വന്നിരിക്കുകയാണ്. അനുകൂലവിധി ലളിത് മോദിക്കും ബിസിസിഐക്കും ഒരു പോലെ ആശ്വാസകരവുമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകളിൽ ഭൂരിഭാഗവും 'സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട്' (SAFEMA)-ന് കീഴിലുള്ള അപ്പലേറ്റ് ട്രിബ്യൂണലാണ് റദ്ദാക്കിയത്. ലളിത് മോദിയെ കുറ്റവിമുക്തനാക്കി. ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായ സാങ്കേതികപരമായ സാങ്കേതികപരമായ രണ്ട് ലംഘനങ്ങൾ ശരിവെച്ചുകൊണ്ട് അവരുടെ പിഴ തുക കുറയ്ക്കുകയും ചെയ്യുകയുമായിരുന്നു. അനുകൂല വിധിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിചച്ചു കൊണ്ടുള്ള വിഡിയോ ലളിത് മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
എന്തിനാണ് 2009 ലെ രണ്ടാം ഐപിഎൽ സീസൺ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത് ?
2009-ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് വിദേശത്ത് നടത്താൻ ബിസിസിഐ തീരുമാനിച്ചത്. ടൂർണമെന്റ് നടത്തുന്നതിനായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി (CSA) ബിസിസിഐയുമായി ഒരു കരാറിൽ ഏർപ്പെട്ടു. ടൂർണമെന്റ് നടത്തിപ്പിനായി "IPL South Africa" എന്ന പേരിൽ പ്രത്യേക ബാങ്ക് അക്കൗണ്ടും ആരംഭിച്ചിരുന്നു. ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ സിഎസ്എ ക്ക് കൈമാറിയ തുകയെ ചൊല്ലിയാണ് നിയമനടപടികളുടെ തുടക്കം. 2009 നും 2010 നും ഇടയിൽ ടൂർണമെന്റ് ചെലവുകൾക്കായി ബിസിസിഐ ഏകദേശം 49.86 മില്യൺ ഡോളർ (ഏകദേശം 243.45 കോടി രൂപ) സിഎസ്എക്ക് കൈമാറിയിരുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ ദക്ഷിണാഫ്രിക്കൻ ബോർഡ് സമാഹരിച്ച 3.83 കോടി ദക്ഷിണാഫ്രിക്കൻ റാൻഡ് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
എന്തായിരുന്നു കേസും തർക്കവും?
ബിസിസിഐ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് നൽകിയ പണം സാധാരണ ബിസിനസ്സ് ആവശ്യത്തിനുള്ളതാണോ അതോ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണ്ട വിദേശ നിക്ഷേപമാണോ (Capital Account Transaction) എന്നതിലായിരുന്നു നിയമനടപടി. കരാർ ഒപ്പിടുമ്പോൾ അന്തിമ ബജറ്റ് തയ്യാറാക്കിയിരുന്നില്ലാത്തതിനാൽ വിദേശ ബാധ്യതകൾ അനിശ്ചിതത്വത്തിലായിരുന്നു. അതിനാൽ വിദേശത്ത് ബാധ്യതകൾ സൃഷ്ടിച്ച ഈ തുക കൈമാറ്റം ഫെമ (FEMA) നിയമപ്രകാരം 'കാപ്പിറ്റൽ അക്കൗണ്ട് ഇടപാട്' ആണെന്നായിരുന്നു ഇഡി വാദം. നിയമം മറികടക്കാനുള്ള നീക്കം: ഈ കരാർ ഫെമ നിയമങ്ങളെ മറികടക്കാൻ ഉണ്ടാക്കിയതാണെന്നും യഥാർത്ഥ വാണിജ്യ കരാറല്ലെന്നും ഇഡി ആരോപിച്ചു.
ഐപിഎല്ലിന്റെ മുഖ്യാസൂത്രകൻ എന്ന നിലയിൽ ലളിത് മോദിക്ക് ഫെമ സെക്ഷൻ 42 പ്രകാരം വ്യക്തിഗത ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഇഡി വാദം. അന്വേഷണത്തിനൊടുവിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് 12 കാരണം കാണിക്കൽ നോട്ടീസുകളാണ് അയച്ചത്. തുടർന്ന് 2018 ൽ ബിസിസിഐ, ലളിത് മോദി, മുൻ ബിസിസിഐ സെക്രട്ടറി എൻ. ശ്രീനിവാസൻ, മുൻ ട്രഷറർ എം.പി. പാണ്ഡോവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ബാങ്ക് ഉദ്യോഗസ്ഥൻ എ.കെ നസീർ ഖാൻ എന്നിവർക്ക് വലിയ തുക പിഴ ചുമത്തുകയും ചെയ്തു.
നിയമവും ട്രിബ്യൂണലിന്റെ നിരീക്ഷണവും
ഫെമ നിയമത്തിലെ രണ്ട് പ്രധാന നിർവചനങ്ങൾ അടിസ്ഥാനമാക്കിയാണ് ട്രിബ്യൂണൽ കേസ് പരിശോധിച്ചത്.
- സെക്ഷൻ 2(j) - കറന്റ് അക്കൗണ്ട് ഇടപാട് (Current Account Transaction): വ്യാപാരം, ബിസിനസ്സ്, സേവനങ്ങൾ എന്നിവയ്ക്കായി സാധാരണ രീതിയിൽ നടത്തുന്ന പേയ്‌മെന്റുകളാണിത്. സെക്ഷൻ 5 പ്രകാരം ഇതിന് ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല.
- സെക്ഷൻ 2(e) - കാപ്പിറ്റൽ അക്കൗണ്ട് ഇടപാട് (Capital Account Transaction): ഇന്ത്യക്ക് പുറത്തുള്ള ആസ്തികളിലോ ബാധ്യതകളിലോ മാറ്റം വരുത്തുന്ന ഇടപാടുകളാണിത്. ഇതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്.
ട്രിബ്യൂണലിന്റെ കണ്ടത്തലുകൾ
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് നൽകിയ പണം 'കറന്റ് അക്കൗണ്ട് ഇടപാടിന്റെ' പരിധിയിൽ വരുന്നതാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. സേവനങ്ങൾക്കും സഹായങ്ങൾക്കും പ്രതിഫലമായി 3 മില്യൺ ഡോളറിന്റെ നിശ്ചിത ഫീസ് വ്യവസ്ഥ ചെയ്തിരുന്ന കരാറാണിത്. കറന്റ് അക്കൗണ്ട് ഇടപാടായതിനാൽ ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. സെക്ഷൻ 42(1) പ്രകാരം കമ്പനിയുടെ ചുമതലയുള്ള വ്യക്തിക്ക് മാത്രമേ ഉത്തരവാദിത്തം വരികയുള്ളൂ. ബിസിസിഐയുടെ നിയമാവലി അനുസരിച്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നിവർക്കാണ് ഭരണച്ചുമതല. സബ് കമ്മിറ്റി ചെയർമാൻ മാത്രമായിരുന്ന ലളിത് മോദിക്ക് ഭരണപരമായ ചുമതല ഉണ്ടായിരുന്നില്ല. യാതൊരു തെളിവുകളുമില്ലാതെയാണ് അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തിയതെന്ന് നിരീക്ഷിച്ചാണ് ചുമത്തിയ പിഴ മുഴുവനായി റദ്ദാക്കിയത്.
'ലളിത് മോദിക്കെതിരെ നിലവിൽ മറ്റ് കേസുകളൊന്നും നിലവിലില്ല' എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മഹ്മൂദ് ആബ്ദി വ്യക്തമാക്കി. (2010-ൽ ബിസിസിഐ ലളിത് മോദിക്കെതിരെ ലേലക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് പുറത്താക്കിയിരുന്നു. തുടർന്നാണ് അദ്ദേഹം ഇന്ത്യ വിട്ടത് )
ബിസിസിഐക്കെതിരായ രണ്ട് കണ്ടെത്തലുകൾ
ബിസിസിഐയുടെ കണക്കുപുസ്തകത്തിൽ 4 കോടി രൂപ മാത്രമാണ് സിഎസ്എക്ക് നൽകാനുള്ള കുടിശ്ശികയായി കാണിച്ചിരുന്നത്, എന്നാൽ 44.15 കോടിയിലധികം രൂപ അധികമായി അയച്ചുകൊടുത്തു. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയാത്തതിനാൽ ബിസിസിഐക്ക് ഇഡി ചുമത്തിയ 4 കോടി രൂപ പിഴ ട്രിബ്യൂണൽ ശരിവെച്ചു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച തുക ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ 15 മാസത്തെ വൈകലുണ്ടായി. എന്നാൽ, പണം ഒടുവിൽ തിരികെയെത്തിച്ചതിനാൽ ബിസിസിഐക്ക് അതിന് ചുമത്തിയ പിഴ 4 കോടിയിൽ നിന്ന് 1 കോടി രൂപയായി ട്രിബ്യൂണൽ കുറച്ചു.
15 വർഷത്തിലേറെ നീണ്ട കേസിൽ പ്രധാന ഇഡി ആരോപണങ്ങൾ തള്ളപ്പെടുകയും പിഴ ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ലളിത് മോദിക്കെതിരെയുള്ള പ്രധാന നിയമതടസ്സങ്ങളാണ് നീങ്ങിയിരിക്കുന്നത്. മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, ലളിത് മോദിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനാണ് വഴി തുറന്നിരിക്കുന്നത്.