'രാകേഷിന് പകരം ആസാദ് എന്ന പേരായിരുന്നുവെങ്കിൽ'; ചീഫ് ജസ്റ്റിസിന് നേരെയുള്ള അതിക്രമത്തിൽ ഉവൈസി
എല്ലാകാര്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുന്ന ഡൽഹി പൊലീസ്, കിഷോറിനോട് കാണിച്ച മൃദുസമീപനത്തെയും ഉവൈസി ചോദ്യം ചെയ്തു.
ഹൈദരാബാദ്: കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് ഷൂ എറിയാന്‍ ശ്രമിച്ചിരുന്നത്.
രാകേഷ് കിഷോറിന് പകരം ആസാദ് എന്ന പേരുകാരനായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ഉവൈസി ചോദിച്ചു. എല്ലാകാര്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുന്ന ഡൽഹി പൊലീസ്, കിഷോറിനോട് കാണിച്ച മൃദുസമീപനത്തെയും ഉവൈസി ചോദ്യം ചെയ്തു.
"ഡൽഹി പൊലീസ് കേസെടുക്കാത്തതിന് കാരണം അയാളുടെ പേര് രാകേഷ് കിഷോർ എന്നായതിനാലാണ്, ഇനി അയാളുടെ പേര് രാകേഷ് എന്നതിന് പകരം ആസാദ് എന്നായിരുന്നുവെങ്കില്‍ ഡൽഹി പൊലീസ് എന്തൊക്കെ ചെയ്യുമായിരുന്നു''- ഉവൈസി ചോദിച്ചു.
''ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജാതി പ്രകാരം ഒരു ദളിതനാണ്, എന്റെ ദളിത് സഹോദരന്മാരോട് എനിക്ക് ചോദിക്കാനുള്ളത് കോടതിയിൽ വെച്ച് ഒരാൾ ചീഫ് ജസ്റ്റിസിന് നേരെ ചെരുപ്പ് എറിയാന്‍ നോക്കിയിരിക്കുന്നു. സനാതന ധർമ്മ'ത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല എന്നാണ് അയാള്‍ പറഞ്ഞത്. പക്ഷേ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ അയാൾക്ക് എങ്ങനെ ധൈര്യം വന്നു?, ഇവിടെ ഡൽഹി പൊലീസ് എന്തുചെയ്യുകയായിരുന്നു? എന്തുകൊണ്ടാണ് യുഎപിഎ ചുമത്താത്തത്? ഇനിയൊരു ആസാദാണ് എറിഞ്ഞിരുന്നതെങ്കില്‍ ബിജെപി അദ്ദേഹത്തെ പാകിസ്താനുമായി ബന്ധിപ്പിക്കുമായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ അതിക്രമം നടത്തിയതിൽ കുറ്റബോധമില്ലെന്ന് അഡ്വ. രാകേഷ് കിഷോർ പറഞ്ഞിരുന്നു. ദൈവമാണ് തന്നെക്കൊണ്ട് അത് ചെയ്യിച്ചതെന്നും ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും രാകേഷ് കിഷോർ വ്യക്തമാക്കിയിരുന്നു.