'ഇനി പഠിക്കാൻ ആസ്‌ട്രേലിയിലേക്ക് പോകേണ്ട, ആസ്‌ട്രേലിയ ഇങ്ങോട്ട് വരും' കാമ്പസുകൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ വെസ്റ്റേൺ ആസ്‌ട്രേലിയൻ യൂണിവേഴ്സിറ്റി
മുംബൈ, ചെന്നൈ കാമ്പസുകൾ 2026 ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും
ഡൽഹി: കാമ്പസുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാൻ വെസ്റ്റേൺ ആസ്‌ട്രേലിയ സർവകലാശാല (യുഡബ്ല്യുഎ) യുടെ തീരുമാനം. സർവകലാശാലയുടെ മുംബൈ, ചെന്നൈ കാമ്പസുകൾ 2026 ആഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലുടനീളം ഒന്നിലധികം ബ്രാഞ്ചുകൾ കാമ്പസിൻ്റേതായി ആരംഭിക്കുന്നതിനും മുംബൈയിൽ ഹബ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി യുജിസി (യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ) യിൽ നിന്നും ലഭിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നായ യുഡബ്ല്യുഎ, ഇന്ത്യയിൽ ഒരു കാമ്പസ് സ്ഥാപിക്കുന്ന ആദ്യത്തെ ഐവി ലീഗിന് തുല്യമായ സ്ഥാപനവും ആസ്‌ട്രേലിയയിലെ ഗ്രൂപ്പ് ഓഫ് എയ്റ്റ് (Go8) സർവകലാശാലകളിൽ നിന്നുള്ള ആദ്യത്തെ സ്ഥാപനവുമായി മാറും.
ഇന്ത്യൻ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തമുണ്ടാക്കാനും ഗവൺമെൻ്റുമായും സംസ്ഥാന ഏജൻസികളുമായും ഇടപഴകുന്നതിനും സർവകലാശാലയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിൽ ഉണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
മുംബൈയിലും ചെന്നൈയിലും കാമ്പസുകൾ സ്ഥാപിക്കുന്നതിലൂടെ, ഇന്ത്യയുടെ ഹൃദയഭാഗത്ത് യുഡബ്ല്യുഎയെ ഉൾപ്പെടുത്തുകയാണെന്ന് യുഡബ്ല്യുഎ ഡെപ്യൂട്ടി വൈസ് ചാൻസലർ ഗൈ ലിറ്റിൽഫെയർ പറഞ്ഞു. ഇന്ത്യയിൽനിന്നും വെസ്റ്റേൺ ആസ്‌ട്രേലിയയിൽ നിന്നുമുള്ള ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ പങ്കാളികൾ എന്നിവരും ഇതിൻ്റെ ഭാഗമാകും.