ബിഹാർ തെരഞ്ഞെടുപ്പ്; എസ്‌ഐആറിന് ശേഷവും അന്തിമ വോട്ടർപട്ടികയിൽ അഞ്ച് ലക്ഷം ഇരട്ട വോട്ടർമാരെന്ന് കോൺഗ്രസ്
''അഞ്ച് ലക്ഷത്തിലധികം ഇരട്ടവോട്ടുകൾ ഇപ്പോഴും ഉണ്ടെങ്കിൽ എസ്ആറിന്റെ അർത്ഥമെന്താണ? ഒഴിവാക്കിയ വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല''
പറ്റ്‌ന: എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമവോട്ടർ പട്ടികയിലും ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ വോട്ടര്‍മാരുടെ അന്തിമ പട്ടിക ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോണ്‍ഗ്രസ്, അന്തിമ വോട്ടർ പട്ടികയിൽ അഞ്ച് ലക്ഷത്തിലധികം ഇരട്ടവോട്ടര്‍മാരുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
ഫെബ്രുവരിയിൽ പാര്‍ട്ടി രൂപീകരിച്ച 'ഈഗിൾ കമ്മിറ്റി'(വിദഗ്ധ സംഘം)യാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഈ കമ്മിറ്റിയാണ് എസ്ഐആറിന് ശേഷവും അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്.
''തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 7.42 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 7.72 വോട്ടര്‍മാരായിരുന്നു. അതായത് 30 ലക്ഷത്തോളം വോട്ടര്‍മാരുടെ വ്യത്യാസം. ആരൊക്കെയാണ് ഈ 30 ലക്ഷം പേർ? ഇവരില്‍ എത്രപേര്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു'- കോണ്‍ഗ്രസിന്റെ ഈഗിൾ കമ്മിറ്റി ചോദിക്കുന്നു.
''ബിഹാറിൽ 21.53 ലക്ഷം വോട്ടർമാർ കൂടി ചേർന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നു, എന്നാൽ ഫോം 6 പ്രകാരം (പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷ) 16.93 ലക്ഷം പേരാണ് ചേര്‍ന്നത്. ബാക്കി 4.6 ലക്ഷം ഫോമുകൾ എവിടെ? എസ്‌ഐആറിലൂടെ ആകെ 67.3 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്, 15 നിയമസഭാ സീറ്റുകളിലാണ് ഒഴിവാക്കപ്പെട്ടതില്‍ അധികവും''- കോണ്‍ഗ്രസ് വ്യക്തമാക്കി.
'ഒഴിവാക്കിയ വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല അഞ്ച് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഇപ്പോഴും ഉണ്ടെങ്കിൽ എസ്ആറിന്റെ അർത്ഥമെന്താണ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനി എങ്ങനെയാണ് ഇവ ശുദ്ധീകരിക്കാന്‍ നോക്കുന്നതെന്നും'- കോണ്‍ഗ്രസ് ചോദിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബർ 6 , 11 തീയതികളിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 14ന് ഫലം പ്രഖ്യാപിക്കും.