മംഗളൂരുവില്‍ കുന്നിടിഞ്ഞ് മക്കളും കാലുകളും പോയ അശ്വിനി തെളിവെടുപ്പിനെത്തി; അന്വേഷണ ഉദ്യോഗസ്ഥനെ കാത്തിരുന്ന് മടങ്ങി
70 അടി ഉയരമുള്ള കുന്നിന്റെ ഭാഗം ഇടിഞ്ഞുവീണ് അശ്വിനിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു
മംഗളൂരു: നാല് മാസം മുമ്പ് മണ്ണിടിഞ്ഞ് കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ നടുങ്ങിയ മഞ്ചനാടി ഗ്രാമം ബുധനാഴ്ച അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത സമീപനത്തിൽ ഒന്നുകൂടി ഞെട്ടി.
കഴിഞ്ഞ മെയ് 30നുണ്ടായ കുന്നിടിച്ചിലിൽ വീട്ടമ്മയായ അശ്വിനിയുടെ രണ്ട് കുരുന്ന് മക്കളേയും ഭര്‍തൃമാതാവിനേയും നഷ്ടപ്പെട്ടിരുന്നു. പോരാത്തതിന് കാലുകള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അവസ്ഥയിലും കുന്നിടിഞ്ഞത് എങ്ങനെയെന്ന് സ്ഥലത്തെത്തി വിശദീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കഷ്ടപ്പെട്ട് അശ്വിനി എത്തിയെങ്കിലും ഉദ്യോഗസ്ഥരാരും എത്തിയില്ല. ഇതോടെയാണ് നാട്ടുകാര്‍ തിരിഞ്ഞത്.
അശ്വിനിയുടെ മക്കൾ ആര്യൻ( മൂന്ന്), ആയുഷ്(രണ്ട്),ഭർതൃമാതാവ് പ്രേമ (50) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഭർതൃപിതാവ് കാന്തപ്പ പൂജാരിക്കും കാൽ നഷ്ടമായിരുന്നു. 70 അടി ഉയരമുള്ള കുന്നിന്റെ ഭാഗം ഇടിഞ്ഞുവീണ് അശ്വിനിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു.
കർണാടക ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അശ്വിനി നൽകിയ പരാതിയെത്തുടർന്നാണ് ദക്ഷിണ കന്നട ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന ജലസേചന വകുപ്പിൽ നിന്നുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിച്ചു. അദ്ദേഹമാണ് ചൊവ്വാഴ്ച വാട്ട്‌സ്ആപ്പ് വഴി അശ്വിനിക്ക് നോട്ടീസ് അയച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് ഹാജരായി മൊഴി നൽകണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
“അവൾക്ക് മക്കളും കാലുകളും നഷ്ടപ്പെട്ടു, ഇപ്പോഴിതാ എങ്ങനെ ഇടിഞ്ഞുവീണു എന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുന്നു, ഉദ്യോഗസ്ഥരല്ലേ അവളുടെ അടുത്തേക്ക് വരേണ്ടത്? നാട്ടുകാര്‍ ചോദിക്കുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരം താലൂക്കിലാണ് മഞ്ചനാടി ഗ്രാമം. പട്ടികവർഗ ക്ഷേമ വകുപ്പ് 20 ലക്ഷം രൂപ ചെലവിൽ അനുവദിച്ച എസ്ടി കോളനി വികസന പദ്ധതിയുടെ കീഴിലുള്ള സിസി റോഡ് നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പഞ്ചായത്ത് റോഡ് നിർമ്മാണത്തിനിടെ യാതൊരു മുൻകരുതലുകളോ യന്ത്രസാമഗ്രികളോ പരിസ്ഥിതി സുരക്ഷാ വിലയിരുത്തലോ ഇല്ലാതെയാണ് കുന്ന് വെട്ടിമാറ്റിയതെന്ന് അശ്വിനി തന്റെ പരാതിയിൽ പറഞ്ഞിരുന്നു.
തന്റെ അഞ്ച് വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടിനെ "80 വർഷം പഴക്കമുള്ള ഘടന" എന്ന് തെറ്റായി വിശേഷിപ്പിച്ചെന്നും അശ്വിനി പറയുന്നു. ജനകീയ ഫണ്ട് ശേഖരണ തണലിലാണ് അശ്വിനി ജീവിക്കുന്നത്.