'15 സീറ്റുകൾ വേണം, ഇല്ലെങ്കിൽ മത്സരിക്കാനില്ല': ബിഹാറിൽ എൻഡിഎക്ക് വെല്ലുവിളിയായി ജിതൻ റാം മാഞ്ചിയും
നിലവിൽ മാഞ്ചിയുടെ പാർട്ടിക്ക് നാല് സീറ്റാണ് നിയമസഭയിൽ ഉള്ളത്
പറ്റ്ന: കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും (എച്ച്എഎം). ചിരാഗ് പാസ്വാന്റെ എൽജെപിക്ക് പുറമെയാണ് എന്‍ഡിഎക്ക് തലവേദനയായി എച്ച്എഎമ്മും രംഗത്ത് എത്തിയത്.
കുറഞ്ഞത് 15 സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് മാഞ്ചി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹം അനുനയത്തിന് തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ മാഞ്ചിയുടെ പാർട്ടിക്ക് നാല് സീറ്റാണ് നിയമസഭയിൽ ഉള്ളത്. നാൽപത് സീറ്റ് ലഭിക്കണം എന്നതാണ് ചിരാഗിന്റെ ആവശ്യം.
അത് ലഭിക്കാത്തപക്ഷം ചിരാഗ് പ്രശാന്ത് കിഷോറിന്റെ പാർട്ടിയുമായി ചേർന്ന് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ആദ്യ ഘട്ട സ്ഥാനാർഥി ചർച്ച കോൺഗ്രസ് പൂർത്തിയാക്കി. 25 സീറ്റുകളിൽ സ്ഥാനാർഥിയായി. ഡൽഹയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാണ് 25 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിച്ചത്.
പ്രഖ്യാപനം സീറ്റ് വിഭജനത്തിലെ അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും. രണ്ട് ദിവസത്തിനകം മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് നേതാക്കൾ പറയുണ്ടെകിലും ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. 2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത് അതിനാൽ കൂടുതൽ സീറ്റ് നൽകാനാകില്ലെന്നാണ് ആർജെഡി നിലപാട്.