'നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം'; ഗസ്സ വെടിനിര്‍ത്തലിൽ പ്രശംസയുമായി മോദി
ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നതായും മോദി എക്സില്‍ കുറിച്ചു
ന്യൂഡല്‍ഹി:ഗസ്സ വെടിനിർത്തലിൽ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നു, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്ന് മോദി എക്സിൽ കുറിച്ചു.ബന്ദിമോചനവും മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നുമെന്നും മോദി പറഞ്ഞു.
'പ്രസിഡന്റ് ട്രംപിന്റെ ഗസ്സ വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണിത്. ബന്ദികളെ മോചിപ്പിക്കുന്നതും ഗസ്സയിലെ ജനങ്ങൾക്കുള്ള മെച്ചപ്പെട്ട മാനുഷിക സഹായവും അവർക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," മോദി പറഞ്ഞു.
ഗസ്സ വെടിർത്തൽ കരാറിൻ്റെ ആദ്യഘട്ടം ഇസ്രായേലും ഹമാസും സമ്മതിച്ചതായി യു.എസ് പ്രസിഡൻ്റ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഹമാസും ഇസ്രായേലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് യുദ്ധ കാബിനറ്റിൽ കരാർ ചർച്ചക്കിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബന്ദികളെ വിട്ടയക്കുമെന്നാണ് വിവരം. വെടിനിര്‍ത്തല്‍ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഈ ആഴ്ച അവസാനം താൻ മിഡിൽ ഈസ്റ്റിലേക്ക് പോയേക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നത്. ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിക്കും.