യുഎഇ - ഇറാൻ ബന്ധം; ദേശീയ താൽപര്യത്തിന് മുൻഗണന നൽകുന്ന പുതിയ നയതന്ത്ര സമീപനവുമായി യുഎഇ
ചർച്ചകളിൽ നിന്ന് യുഎഇ വിട്ടുനിൽക്കുന്നു എന്ന വാദങ്ങളെ അൽ നുഐമി തള്ളി
ദുബൈ: മേഖലയിലെ സമീപകാല സംഘർഷങ്ങൾക്ക് ശേഷം യുഎഇയുടെ വിദേശനയത്തിലും സുരക്ഷാ മുൻഗണനകളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ സമിതികളുടെ ചെയർമാൻ ഡോ. അലി അൽ നുഐമി. ദേശീയ താൽപ്പര്യത്തിന് പ്രഥമ പരിഗണന എന്ന നയത്തെ അടിസ്ഥാനമാക്കിയുള്ള എട്ട് പ്രധാന കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചകളിൽ നിന്ന് യുഎഇ വിട്ടുനിൽക്കുന്നു എന്ന വാദങ്ങളെ അൽ നുഐമി തള്ളി. ലോകശക്തികളുമായി യുഎഇ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നയതന്ത്ര നീക്കങ്ങളിൽ രാജ്യം സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, യൂറോപ്പ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി യുഎഇക്ക് ശക്തമായ ബന്ധമുണ്ട്. വിശ്വാസത്തിലും ദീർഘകാല സഹകരണത്തിലും അധിഷ്ഠിതമായ തന്ത്രപ്രധാനമായ ബന്ധമാണ് ഇവയെന്ന് അദ്ദേഹം വിവരിച്ചു. യുഎഇയുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദു ഇനി മുതൽ 'ദേശീയ താൽപ്പര്യങ്ങൾ' ആയിരിക്കും. ഏതൊരു സഖ്യത്തെയും പങ്കാളിത്തത്തെയും വിലയിരുത്തുന്നത് അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. അറബ് അല്ലെങ്കിൽ ഇസ്‍ലാമിക ഐക്യദാർഢ്യം പോലുള്ള പൊതുവായ പ്രാദേശിക ചട്ടക്കൂടുകളെ മാത്രം ഇനി യുഎഇ ആശ്രയിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം കൂട്ടായ്മകൾ എപ്പോഴും ഒരേപോലെയുള്ള പിന്തുണ നൽകുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഭാവിയിലെ ബന്ധങ്ങൾ വൈകാരികമായോ അല്ലെങ്കിൽ സ്വാഭാവികമായോ ഉള്ള ഒന്നായിരിക്കില്ല. മറിച്ച്, കൃത്യമായ പ്രായോഗിക ഫലങ്ങളും യുഎഇക്ക് ലഭിക്കുന്ന ഗുണങ്ങളും മുൻനിർത്തിയായിരിക്കും സഖ്യങ്ങൾ രൂപീകരിക്കുക.
നയതന്ത്ര ചർച്ചകളോടുള്ള പ്രതിബദ്ധത യുഎഇ തുടരുമെങ്കിലും അത് ചില നിബന്ധനകൾക്ക് വിധേയമായിരിക്കും. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഇറാൻ നേതൃത്വത്തിന്റെ കാര്യത്തിൽ അദ്ദേഹം കടുത്ത സംശയം പ്രകടിപ്പിച്ചു. ഇറാന്റെ വാക്കുകളും പ്രവൃത്തികളും പലപ്പോഴും പരസ്പരവിരുദ്ധമാണെന്നും ഇത് ബന്ധങ്ങൾക്കിടയിൽ വലിയൊരു വിശ്വാസ തകർച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ശക്തമായ ഗ്യാരണ്ടി യുഎഇ ആഗ്രഹിക്കുന്നു. നിയമലംഘനങ്ങൾ നടത്തുന്നവർ ഉത്തരവാദിത്തം ഏൽക്കണമെന്നും, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.