യുഎസിന് മറുപടി; കൂടുതൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

കപ്പലുകൾ യാത്രക്ക് ഭയക്കുന്നതോടെ പുതിയ സാഹചര്യം യുഎസിന് മേൽ ആഗോള തലത്തിൽ സമ്മർദ്ദം സൃഷ്ടിക്കും

Update: 2026-04-22 16:34 GMT

റിയാദ്: പെർമിറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഹോർമുസ് വഴി പോകുന്ന രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ. ഇറാന്റെ കപ്പലിൽ യുഎസ് സൈന്യം പ്രവേശിച്ച് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. ഇതോടെ ഹോർമുസിൽ നിയന്ത്രണം ശക്തമാക്കുകയാണ് ഇറാൻ. കപ്പലുകൾ യാത്രക്ക് ഭയക്കുന്നതോടെ പുതിയ സാഹചര്യം യുഎസിന് മേൽ ആഗോള തലത്തിൽ സമ്മർദ്ദം സൃഷ്ടിക്കും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഹോർമുസ് കടലിടുക്കിൽ രണ്ട് വിദേശ വാണിജ്യ കപ്പലുകൾ കൂടി ഇറാൻ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ചുവെന്നും ആവശ്യമായ മുൻകൂർ അനുമതികളില്ലാതെ തന്ത്രപ്രധാനമായ ജലപാതയിലേക്ക് പ്രവേശിച്ചുവെന്നുമാണ് IRGC വിശദീകരണം.

Advertising
Advertising

പിടിച്ചെടുത്ത കപ്പലുകളെ ഇറാൻ തീരത്തേക്ക് മാറ്റി. ഇന്നലെ ഒമാൻ തീരത്തിന് സമീപം വെച്ച് ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ ഗൺബോട്ട് വെടിയുതിർത്തിരുന്നു. കപ്പലിന് ഇത് നാശമുണ്ടാക്കി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കാനുള്ള നീക്കമാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് കരുതുന്നു. ഈ ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും റെവല്യൂഷണറി ഗാർഡിന്റെ അനുമതി തേടണമെന്ന നിലപാടിലാണ് ഇപ്പോഴും ഇറാൻ ഭരണകൂടം.

അമേരിക്കൻ സൈന്യം ഒമാൻ കടലിൽ വെച്ച് ഇറാന്റെ ഒരു വാണിജ്യ കപ്പൽ പിടിച്ചെടുത്തതാണ് നിലവിലെ പ്രകോപനത്തിന് പിന്നിലെ പ്രധാന കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ ഈ നടപടിക്ക് പിന്നാലെ മേഖലയിൽ സംഘർഷം വീണ്ടും വർധിക്കുന്ന സാഹചര്യമാണ് നിലവിൽ. പുതിയ നീക്കം കൂടുതൽ കപ്പലുകളെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കും. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ സമാന രീതി ഇറാൻ തുടർന്നാൽ ആഗോള തലത്തിൽ തന്നെ കൂടുതൽ ആഘാതമുണ്ടാക്കും. ഇതുവഴി യുഎസിനെ സമ്മർദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും യുഎസ് കരുതുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News