ദുബൈയിൽ ഇനി 'വർക്ക് ഫ്രം പാർക്ക്'; പുതിയ പദ്ധതിയുമായി മുനിസിപ്പാലിറ്റി
അടുത്ത മാസം മുതൽ അൽബർഷ പോണ്ട് പാർക്കിലായിരിക്കും ഇതിന് തുടക്കം കുറിക്കുക
ദുബൈ: ദുബൈയിൽ ഇനി പാർക്കിൽ ഇരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ തുടങ്ങിയ പദങ്ങൾ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ എവിടെയിരുന്നും ജോലികൾ ചെയ്തുതീർക്കാം എന്നതായതോടെ ദുബൈയിലെ പൊതുപാർക്കുകളിലും ഇതിനായി സൗകര്യമൊരുക്കുയാണ് ദുബൈ മുനിസിപ്പാലിറ്റി.
അടുത്തമാസം മുതൽ അൽബർഷ പോണ്ട് പാർക്കിലായിരിക്കും ഇതിന് തുടക്കം കുറിക്കുക. വിവിധ പാർക്കുകളിൽ സമാനമായ സൗകര്യം ഒരുക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി അമാന, ലെറ്റ്സ് വർക്ക് തുടങ്ങിയ കമ്പനികളുമായി സഹകരണ കരാർ ഒപ്പിട്ടിട്ടു. ഈവർഷം തന്നെ കൂടുതൽ പാർക്കുകളിൽ വർക്ക് സ്റ്റേഷനുകൾ സജ്ജമാകും. ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ നേരത്തേ ഇത്തരം സൗകര്യം നിലവിലുണ്ട്.