ആദ്യം ട്രംപ് വേണ്ടെന്ന് പറഞ്ഞു; ഒടുവിൽ യുക്രൈന്റെ ഡ്രോൺ പ്രതിരോധ സംവിധാനം ഗൾഫിലെത്തിച്ച് അമേരിക്ക

ഗൾഫിലെ യുഎസ് താവളങ്ങളിൽ പ്രതിരോധ സംവിധാനം അമേരിക്കൻ സൈന്യം ഉപയോഗിച്ചു തുടങ്ങി

Update: 2026-04-22 17:02 GMT

റിയാദ്: പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യമില്ലെന്ന് പറഞ്ഞ യുക്രൈന്റെ ഡ്രോൺ പ്രതിരോധ സംവിധാനം ഗൾഫിലെത്തിച്ച് അമേരിക്ക. ഗൾഫിലെ യുഎസ് താവളങ്ങളിൽ പ്രതിരോധ സംവിധാനം അമേരിക്കൻ സൈന്യം ഉപയോഗിച്ചു തുടങ്ങി. യുക്രൈന്റെ കമാന്റ് ആന്റ് കൺട്രോൾ സംവിധാനവും ഇറാന്റെ ഡ്രോണുകൾ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നുണ്ട്.

വിലകുറഞ്ഞ ഡ്രോണുകളുപയോഗിച്ച് യുഎസ് സൈനിക താവളങ്ങളെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു. ഇത് പ്രതിരോധിക്കാൻ കോടികളാണ് ചെലവ്. റഷ്യയുടേതിന് സമാനമായ ഈ ഡ്രോൺ പ്രതിരോധിക്കാൻ സാങ്കേതിക വിദ്യ വേണമെങ്കിൽ നൽകാമെന്ന് യുക്രൈൻ യുഎസിനോട് പറഞ്ഞിരുന്നു. എന്നാൽ അതിന്റെയൊന്നും ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച സൈനിക സംവിധാനങ്ങളുള്ളത് ഞങ്ങൾക്കാണെന്നുമായിരുന്നു യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

Advertising
Advertising

പക്ഷേ നിലവിൽ യുക്രൈന്റെ പ്രതിരോധ സംവിധാനങ്ങൾ ഗൾഫിലെ യുഎസ് താവളങ്ങലിൽ ഉപയോഗിച്ചു തുടങ്ങിയതായി റോയിട്ടേഴ്സും യുഎസ് മാധ്യമങ്ങളും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്ഥിരീകരിച്ചു. ആഴ്ചകളായി സ്കൈ മാപ്പ് എന്ന യുക്രെയ്നിയൻ കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ്‌ഫോം ഗൾഫിലെ ചില താവളത്തിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

സ്കൈ ഫോർട്രസ് എന്ന യുക്രെയ്നിയൻ കമ്പനിയാണ് സ്കൈ മാപ്പ് വികസിപ്പിച്ചത്. പതിനായിരത്തിലധികം അക്കോസ്റ്റിക് സെൻസറുകൾ ഉപയോഗിച്ച് ശത്രു ഡ്രോണുകളെ കണ്ടെത്താൻ സഹായിക്കുന്ന ഈ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം നിലവിൽ യുക്രെയ്ൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. യുക്രെയ്നിയൻ സൈനിക ഉദ്യോഗസ്ഥർ നേരിട്ട് താവളത്തിലെത്തി അമേരിക്കൻ സൈനികർക്ക് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം നൽകുന്നുണ്ട്.

ഇറാൻ നിർമിത ഷാഹെദ് ഡ്രോണുകൾ ഉൾപ്പെടെയുള്ള ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും ഇന്റർസെപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ച് അവയെ തകർക്കാനും സ്കൈ മാപ്പ് സഹായിക്കുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഡ്രോണുകൾ വലിയ സ്വാധീനം ചെലുത്തുന്ന പശ്ചാത്തലത്തിൽ പെന്റഗൺ ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യകളിൽ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്.

ഇറാനിൽ നിന്നും 300-600 കി.മീ ദൂരത്തിലാണ് വിവിധ യുഎസ് താവളങ്ങളുള്ളത്. ഇവിടെയുള്ള നിരവധി റിഫ്യൂവലിങ് വിമാനങ്ങൾ, റഡാറുകൾ എന്നിവ ഇറാൻ ലക്ഷ്യം വെച്ച് നശിപ്പിച്ചത് അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനത്തിലെ വിടവുകളെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പുതിയ സംവിധാനങ്ങൾ വിന്യസിക്കുന്നതിനിടയിൽ ചില പരീക്ഷണ വെല്ലുവിളികളും സൈന്യം നേരിടുന്നുണ്ട്. അടുത്തിടെ നടന്ന ഒരു പരീക്ഷണത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഇന്റർസെപ്റ്റർ ഡ്രോൺ താവളത്തിലെ ശൗചാലയ ബ്ലോക്കിലേക്ക് ഇടിച്ചുകയറിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News