മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി
പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും
ദുബൈ: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ച് വ്യവസായി എം.എ. യൂസഫലി. പരിക്കേറ്റവർക്ക് 50,000 രൂപ സഹായം നൽകും. ജില്ലാ കളക്ടർ മുഖേന തുക കൈമാറുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നേരത്തെ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷവും എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.
പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. അതേസമയം തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും.