Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: ദുബൈയിൽ പൂർണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പുതിയ മെട്രോപാത പ്രഖ്യാപിച്ചു. ഗോൾഡ് ലൈൻ എന്ന പേരിൽ നിർമിക്കുന്ന പാത 2032 സെപ്റ്റംബർ ഒമ്പതിന് നിർമാണം പൂർത്തിയാക്കും. 18 സ്റ്റേഷനുകളാണ് പുതിയ മെട്രോപാതയിലുണ്ടാവുക.
മികവിനും പുരോഗതിക്കും വിരാമമില്ലെന്ന വാക്കുകളോടെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് 34 ബില്യൺ ദിർഹം ചെലവിൽ നിർമിക്കുന്ന പുതിയ മെട്രോപാതയുടെ പ്രഖ്യാപനം നടത്തിയത്.
അൽഗുബൈബ ചരിത്ര മേഖലയിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റ്റ്റേറ്റ് സ്റ്റേഷൻ വരെ നീളുന്ന 42 കിലോമീറ്റർ ഭൂഗർഭ പാതയാണ് ഗോൾഡ് ലൈൻ. നിലവിലെ റെഡ്ലൈൻ, ഗ്രീൻലൈൻ പാതകളെയും ദേശീയ റെയിൽശൃംഖലയായ ഇത്തിഹാദ് റെയിലിനെയും ബന്ധിപ്പിക്കുന്ന വിധമാകും ഈ സുവർണപാത.
ദുബൈ നഗരത്തിലെ ദൈനംദിന ജീവിതത്തെ ബാധിക്കാത്തവിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാരിക്കും ഭൂഗർഭ പാതയുടെ നിർമാണം. ദുബൈയിലെ 15 തന്ത്രപ്രധാനമേഖലയിലെ 55 താമസ മേഖലകളിൽ കൂടി ഗോൾഡ് ലൈൻ കടന്നുപോകുന്ന പാതയിൽ 18 മെട്രോ സ്റ്റേഷനുകളുണ്ടാകും. ദിവസം 4,65,000 പേർക്ക് യാത്രചെയ്യാൻ കഴിയുന്നവിധമായിരിക്കും പുതിയ പാത. ദുബൈ മെട്രോക്ക് 23 വയസ് തികയുന്ന 9/9/2032 ന് ഗോൾഡൻ ലൈൻ യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നാണ് പ്രഖ്യാപനം.