യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന്
നിലവിൽ ബി.എൽ.എസ് കമ്പനിയാണ് സേവനം നൽകുന്നത്
ദുബൈ: യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈ കോൺസുലേറ്റിന്റെയും പാസ്‌പോർട്ട്, വിസ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന്. വർഷങ്ങളായി ഈ സേവനങ്ങൾ നൽകിവന്നിരുന്ന ബിഎൽഎസ് ഇന്റർനാഷണലിന് പകരമാണ് മലയാളി സംരംഭമായ അൽഹിന്ദ് ഈ നിർണായക കരാർ സ്വന്തമാക്കിയത്. ഏപ്രിൽ 20-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്‌പോർട്ട്, വിസ, ഒ.സി.ഐ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇനി അൽഹിന്ദ് വഴിയായിരിക്കും ലഭ്യമാകുക. 2025 നവംബറിൽ ആരംഭിച്ച ടെണ്ടർ നടപടികൾക്കൊടുവിലാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തത്. അവസാന ഘട്ടത്തിലെത്തിയ നാല് കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക (L1) രേഖപ്പെടുത്തിയത് അൽഹിന്ദായിരുന്നു.
കരാർ ഔദ്യോഗികമായി കൈമാറിയെങ്കിലും, പുതിയ സംവിധാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന തീയതി എംബസി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ നിലവിലെ സേവന കേന്ദ്രങ്ങൾ തുടരുമെന്നാണ് സൂചന. ദീർഘകാലമായി യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ കോൺസുലാർ ആവശ്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ബിഎൽഎസ് കേന്ദ്രങ്ങളായിരുന്നു. യുഎഇയിലുടനീളം ശാഖകളുള്ള അൽഹിന്ദ് കരാർ ഏറ്റെടുക്കുന്നതോടെ സേവനങ്ങൾ കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.