ഹോർമൂസ് മുതൽ ആഗോള വ്യാപാരം വരെ; ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ഇരു നേതാക്കളും യോഗത്തിൽ ചൂണ്ടിക്കാട്ടി

Update: 2026-09-07 07:58 GMT

ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിതലത്തിൽ തന്ത്രപ്രധാന സംഭാഷണങ്ങൾക്ക് (സ്ട്രറ്റീജിക് ഡയലോഗ്) ഇരുരാജ്യങ്ങളും ധാരണയായി. ബെർലിനിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ജർമ്മൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫുളും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രധാന വിഷയങ്ങളിൽ തുടർച്ചയായ കൂടിയാലോചനകളും ഏകോപനവും ഉറപ്പാക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertising
Advertising

മേഖലയിലെ സുരക്ഷ, സുഗമമായ കപ്പൽ ഗതാഗതം, രാജ്യാന്തര വ്യാപാരം എന്നിവ സംബന്ധിച്ച വിശദമായ ചർച്ചകൾ യോഗത്തിൽ നടന്നു. അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത ഇരു നേതാക്കളും യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, ഹോർമുസ് കടലിടുക്കിലെ ഗതാഗതം സാധാരണ നിലയിലാക്കേണ്ടത് ആഗോള വ്യാപാരത്തിനും പശ്ചിമേഷ്യൻ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. അന്താരാഷ്ട്ര പ്രതിസന്ധികൾ സൈനിക നടപടികൾക്ക് പകരം സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ചത്.

വ്യാപാര സാമ്പത്തിക രംഗങ്ങളിൽ സഹകരണം വിപുലമാക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനും കൂടിക്കാഴ്ചയിൽ മുൻഗണന നൽകി. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വ്യാപാരത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ കൂടുതൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ വിഭാഗം ഡയറക്ടർ ജനറൽ അബ്ദുറഹ്‌മാൻ അൽ അഹമ്മദ്, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ യഹ്യ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News