വാഹനാപകടം: സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം
ദമ്മാം: ജുബൈൽ ദമ്മാം ഹൈവേയിൽ വാഹനപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. റിയാദിൽ നിന്നും ജോലിയാവശ്യാർഥം ജുബൈലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം. രാവിലെ ഏഴര മണിയോടെ ടയർ പഞ്ചറായ വിവരം ഷൗക്കത്ത് സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അപകട വാർത്തയെത്തിയത്.
ഇരുപത് വർഷമായി സൗദിയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. കെ.എം.സി.സി വെൽഫയർ വിഭാഗം ഭാരവാഹികളായ ഹുസൈൻ നിലമ്പൂരിന്റെയും, ഇഖ്ബാൽ ആനമങ്ങാടിൻറെയും നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.