Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഗൾഫ് രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തിന് താഴെയെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ വ്യക്തമാക്കി. 2025 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.8 ശതമാനം മാത്രമാണ് ഗൾഫ് രാജ്യങ്ങളിലെ പണപ്പെരുപ്പം. ആഗോള ശരാശരിയേക്കാൾ വളരെ താഴ്ന്ന നിരക്കാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് ജിസിസിയിലെ പണപ്പെരുപ്പം 2 ശതമാനത്തിൽ താഴെയായി വരുന്നത്. 2024ൽ 1.6 ശതമാനമായിരുന്നു. ആഗോള വിപണികളിലെ സംഭവവികാസങ്ങൾക്കിടയിലും ആറ് ഗൾഫ് രാജ്യങ്ങളിലും വിലസ്ഥിരത തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വികസ്വര, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെ ശരാശരി പണപ്പെരുപ്പം 5.3 ശതമാനവും ആഗോള ശരാശരി 4.2 ശതമാനവുമാണ്. ജപ്പാനിൽ 3.2 ശതമാനവും അമേരിക്കയിൽ 2.6 ശതമാനവും യൂറോപ്യൻ യൂണിയനിലും വികസിത സമ്പദ്‌വ്യവസ്ഥകളിലും 2.5 ശതമാനം വീതവും യൂറോസോണിൽ 2.1 ശതമാനവുമായിരുന്നു പണപ്പെരുപ്പം.
ഭവന ചെലവുകളും വിവിധ സാധനങ്ങളും സേവനങ്ങളുമാണ് ജിസിസിയിലെ പണപ്പെരുപ്പത്തിന് പ്രധാനമായും കാരണമായത്. കഴിഞ്ഞ വർഷത്തെ ആകെ പണപ്പെരുപ്പത്തിന്റെ ഏകദേശം 73 ശതമാനവും ഈ രണ്ട് വിഭാഗങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.റെസ്റ്റോറന്റുകളും ഹോട്ടലുകളും ഉൾപ്പെടുന്ന വിഭാഗത്തിൽ 1.6 ശതമാനം വിലവർധനയുണ്ടായി. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 1.2 ശതമാനവും, വിദ്യാഭ്യാസ ചെലവ് 1 ശതമാനവും ഉയർന്നു. പുകയില ഉൽപ്പന്നങ്ങളുടെ വില 0.6 ശതമാനവും വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വില 0.4 ശതമാനവും വർധിച്ചു.
2022ൽ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം ജിസിസിയിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020ൽ 1.5 ശതമാനമായിരുന്ന പണപ്പെരുപ്പം 2021ൽ 2.4 ശതമാനമായും 2022ൽ 3.2 ശതമാനമായും ഉയർന്നു. തുടർന്ന് 2023ൽ 2.3 ശതമാനമായും 2024ൽ 1.6 ശതമാനമായും കുറഞ്ഞു. 2025ൽ നേരിയ വർധനയോടെ 1.8 ശതമാനത്തിലുമെത്തി.