ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കണമെന്ന് ഇസ്രായേൽ മന്ത്രിമാർ; പ്രസ്താവനയെ വിമർശിച്ച് അറബ് രാജ്യങ്ങൾ
ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കണമെന്ന് അറബ് വിദേശകാര്യമന്ത്രിമാർ ആവർത്തിച്ചു
റിയാദ്: ഫലസ്തീൻ ജനതയെ ഗസ്സ മുനമ്പിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവരുടെ പ്രസ്താവനകളെയാണ് സൗദിയും മറ്റ് ഏഴ് അറബ് രാജ്യങ്ങളും രൂക്ഷമായി വിമർശിച്ചത്. ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് നിർബന്ധിതമായി പുറത്താക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ മുന്നോട്ടുവെച്ച പദ്ധതികളെയും നിർദേശങ്ങളെയും വിദേശകാര്യമന്ത്രിമാർ കടുത്ത ഭാഷയിൽ വിമർശിച്ചു.
സൗദിക്ക് പുറമെ ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ ഈ പ്രകോപനപരമായ പ്രസ്താവനകൾ. ഇത് ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള ഭീഷണിയാണെന്നും അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പ്രസ്താവനയിൽ വ്യക്തമാക്കി. നിർബന്ധിത കുടിയൊഴിപ്പിക്കലിനായുള്ള ആഹ്വാനങ്ങൾ ഔദ്യോഗിക നയമായോ പ്രായോഗിക നടപടികളായോ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രിമാർ പറയുന്നു.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഈ പ്രകോപനപരമായ പ്രസ്താവനകൾ. അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി, 1967 ജൂൺ 4-ലെ അതിർത്തികൾ നിലനിർത്തി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും 'ദ്വിരാഷ്ട്ര പരിഹാരം' നടപ്പിലാക്കുന്നതിലൂടെയും മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്നും അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ആവർത്തിച്ചു. ഗസ്സയിൽ പുതിയ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭയോടും വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു.