ലഹരിക്കടത്തും വധശ്രമവും; സൗദിയിലെ അൽ ജൗഫിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

നിയമത്തെ പരസ്യമായി വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വധിക്കാൻ ശ്രമിച്ചത്

Update: 2026-09-06 16:37 GMT

റിയാദ്: സൗദിയിലെ അൽ ജൗഫ് മേഖലയിൽ ലഹരിമരുന്ന് കടത്തുകയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഘാനം ബിൻ മുറൈദ് ബിൻ ഹത്ലൂൽ അൽ അൻസി, അബ്ദുൽ മജീദ് ബിൻ മുറൈദ് ബിൻ ഹത്ലൂൽ അൽ അൻസി എന്നിവരുടെ ശിക്ഷയാണി നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർ, ലഹരിമരുന്നായ ആംഫെറ്റാമിൻ ​ഗുളികകളും ഹാഷിഷും രാജ്യത്തേക്ക് കടത്തുകയും വിൽപന നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ലഹരിക്കടത്തിന് പുറമെ നിയമത്തെ പരസ്യമായി വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസും പരി​ഗണിച്ചാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്. പ്രതികൾ ചെയ്ത കുറ്റം വലിയ അരാജകത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മേൽക്കോടതികൾ വിധി ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ലഹരിക്കടത്തുകാർക്കും അത് പ്രചരിപ്പിക്കുന്നവർക്കും നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News