ഫ്രാൻസിനും ബഹ്റൈനും പിന്നാലെ ഒമാനും; റിയാദിൽ ഒപ്പുവെച്ചത് വമ്പൻ കരാർ
റിയാദിൽ മിന്നൽ വേഗത്തിൽ മുന്നേറുന്ന നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് ഒമാൻ സംഘം
റിയാദ്: സൗദി ആതിഥേയത്വം വഹിക്കുന്ന 'റിയാദ് എക്സ്പോ 2030'ൽ ഔദ്യോഗികമായി പങ്കാളിയാകാൻ ഒമാൻ കരാർ ഒപ്പുവെച്ചു. എക്സ്പോ വേദിയിൽ നടന്ന ചടങ്ങിൽ ഒമാൻ സാംസ്‌കാരിക മന്ത്രാലയ അണ്ടർസെക്രട്ടറിയും പവലിയൻ കമ്മീഷണർ ജനറലുമായ സയ്യിദ് സഈദ് സുൽത്താൻ അൽ ബുസൈദിയും റിയാദ് എക്സ്പോ സി.ഇ.ഒ തലാൽ അൽ മർറിയുമാണ് കരാറിൽ ഒപ്പുവെച്ചത്. 2030 ഒക്ടോബർ ഒന്നു മുതൽ 2031 മാർച്ച് 31 വരെയാണ് ആഗോള മേള അരങ്ങേറുന്നത്. ഈ ചരിത്ര കരാറോടെ മേളയ്ക്കായുള്ള ഒമാന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. കരാർ ഒപ്പിട്ടതിന് ശേഷം ഒമാൻ പവലിയനായി നിശ്ചയിച്ച സ്ഥലവും പ്രതിനിധി സംഘം സന്ദർശിച്ചു.
സൗദിയും ഒമാനും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്ന് സയ്യിദ് സഈദ് സുൽത്താൻ അൽ ബുസൈദി പറഞ്ഞു. ഒമാന്റെ പൈതൃകം, സംസ്‌കാരം, ഭാവി സ്വപ്നങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇതൊരു മികച്ച വേദിയാകും. ഒമാന്റെ പങ്കാളിത്തം എക്സ്പോയ്ക്ക് വലിയ കരുത്തുപകരുമെന്നും, ഒമാൻ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എക്സ്പോ സി.ഇ.ഒ തലാൽ അൽ മർറിയും വ്യക്തമാക്കി.
ഫ്രാൻസിനും ബഹ്റൈനും പിന്നാലെയാണ് ഒമാനും പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നത്. മേള തുടങ്ങാൻ നാല് വർഷത്തിലേറെ ശേഷിക്കെ തന്നെ കരാറുകളിൽ ഒപ്പിടുന്നത് ലോക എക്‌സ്‌പോ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ്. ലോകമെമ്പാടുമുള്ള 197 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മേളയിൽ അണിനിരക്കും. ആറ് മാസങ്ങളിലായി 4.2 കോടി സന്ദർശകരെയാണ് റിയാദ് നഗരം പ്രതീക്ഷിക്കുന്നത്.