മേഖലയിലെ സുരക്ഷയും സമാധാനവും ലക്ഷ്യം: സൗദി കിരീടാവകാശിയും സിറിയൻ പ്രസിഡന്റും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി
പ്രാദേശിക വിഷയങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാന ചർച്ചാവിഷയമായി. പശ്ചിമേഷ്യയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. വിവിധ മേഖലകളിൽ പരസ്പര പിന്തുണ വർധിപ്പിക്കാനും പ്രാദേശിക വിഷയങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ തുടങ്ങിയവരും സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയും ചർച്ചയിൽ പങ്കെടുത്തു.
അതേസമയം ലെബനന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ലെബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലെബനാനിലെയും മേഖലയിലെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും സൗദി നൽകുന്ന വിലമതിക്കാനാവാത്ത സഹായങ്ങൾക്ക് പ്രസിഡന്റ് ഔൻ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ ഐക്യവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ലബനനൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയ കിരീടാവകാശി, ലെബനാന്റെ സുസ്ഥിരതയ്ക്കായി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.