Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും മുൻപ് തെറ്റ് തിരുത്താൻ അവസരം നൽകുന്ന നിയമം നടപ്പിലാക്കി സൗദി അറേബ്യ. ഗൗരവമല്ലാത്ത നിയമലംഘനങ്ങൾക്കായിരിക്കും ഇളവ്. മുനിസിപ്പൽ നിയമലംഘനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകമാവുക.
നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് മുമ്പ് അവ തിരുത്താൻ സാവകാശം നൽകും. ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കായിരിക്കും ഇളവ്. നിയമലംഘനങ്ങളെ ഗൗരവമായവ, അല്ലാത്തവ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ നടപടി. ഗൗരവമല്ലാത്ത നിയമലംഘനങ്ങൾ ആദ്യമായി കണ്ടെത്തുമ്പോൾ പിഴ ചുമത്തുന്നതിന് പകരം മുന്നറിയിപ്പ് നൽകുകയും തിരുത്താൻ നിശ്ചിത സമയം അനുവദിക്കുകയും ചെയ്യും.
പൊതുജനാരോഗ്യത്തെയോ സുരക്ഷയെയോ നേരിട്ട് ബാധിക്കുന്നതും അടിയന്തര നടപടി ആവശ്യമുള്ളതുമായ ഗൗരവമായ നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പില്ലാതെ തന്നെ പിഴ ചുമത്തും. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് അവ തിരുത്തി ശരിയാക്കാൻ നൽകുന്ന സമയപരിധിയിലും വ്യത്യാസമുണ്ടാകും.
നിയമങ്ങൾ നടപ്പാക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനും നടപടിക്രമങ്ങൾ ഏകീകരിക്കാനുമാണ് പരിഷ്കാരം. സ്ഥാപനത്തിന്റെ വലിപ്പം, നിയമലംഘനത്തിന്റെ ആഘാതം, ആവർത്തനം എന്നിവ കണക്കിലെടുത്തായിരിക്കും ശിക്ഷാ നടപടികൾ. ശിക്ഷിക്കുന്നതിനേക്കാൾ ഉപരി നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തലാണ് ലക്ഷ്യം.