ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ മീഖാത്തുകൾ ഒരുങ്ങി; വിപുലമായ സൗകര്യങ്ങളുമായി റോയൽ കമ്മീഷൻ
ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി പുണ്യനഗരങ്ങളിലെ മീഖാത്ത് കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് അറിയിച്ചു. തീർഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 6,600 പുരുഷന്മാർക്കും 3,200 സ്ത്രീകൾക്കും പ്രാർത്ഥന നിർവഹിക്കാനുള്ള സൗകര്യം മീഖാത്തുകളിലുണ്ട്. കൂടാതെ, തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ആയിരക്കണക്കിന് വാഹന പാർക്കിംഗ് ഇടങ്ങളും നൂറുകണക്കിന് ആധുനിക ശുചിമുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വ്യക്തമായ ദിശാസൂചകങ്ങളും വിവിധ സ്ഥലങ്ങളിൽ സീസണൽ കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കൂടുതൽ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചു. ശുദ്ധജല വിതരണത്തിനായി വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. തീർഥാടകർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളാണ് ഇത്തവണ കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.