റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഒമാനിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്
സംഭവം ആമിറാത്തിൽ
Update: 2026-06-07 15:53 GMT
മസ്കത്ത്: ഒമാനിലെ അൽ ആമിറാത്ത് വിലായത്തിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി(സിഡിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്.
മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പിലെ അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. സ്‌ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രിച്ചു. പരിക്കേറ്റ രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റതായും ചികിത്സക്കായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സിഡിഎഎ അറിയിച്ചു.