Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാൻ തീരത്ത് ഹോർമൂസ് കടലിടുക്കിന് സമീപം അപകടത്തിൽപെട്ട എംടി മാരിവെക്സ് എന്ന കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി മസ്കത്ത് ഇന്ത്യൻ എംബസി. ഒമാൻ അധികൃതർ നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിന് എംബസി നന്ദി അറിയിച്ചു. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി എംബസി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
കപ്പലിന് നേരെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഒമാൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തെകുറിച്ചോ അപകട കാരണം സംബന്ധിച്ചോ എംബസി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ പ്രതിസന്ധിയിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (എഫ്.സി.യു.ഐ) രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ സുരക്ഷിതരാണെന്ന ആശ്വാസ വാർത്ത പുറത്തുവന്നത്.