ആഗോള എണ്ണ-വാതക ഉൽപാദന പരിധി 2026 അവസാനം വരെ നിലനിർത്താൻ ഒപെക് പ്ലസ്

കമ്മിറ്റി യോഗങ്ങൾ ഇനി രണ്ട് മാസത്തിലൊരിക്കൽ നടക്കും

Update: 2026-06-08 08:57 GMT

റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയുടെ സ്ഥിരത മുൻനിർത്തി നിലവിലെ എണ്ണ-വാതക ഉൽപ്പാദന തോത് മാറ്റമില്ലാതെ തുടരാൻ ഒപെക് (OPEC) പ്ലസ്. അം​ഗരാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും 41-ാമത് മന്ത്രിതല യോഗത്തിലാണ് സുപ്രധാന തീരുമാനം. 38-ാമത് ഒപെക് പ്ലസ് യോഗത്തിൽ അംഗീകരിച്ച ക്രൂഡ് ഓയിൽ ഉൽപാദന പരിധി 2026 ഡിസംബർ 31 വരെ നീട്ടാനാണ് സംയുക്ത തീരുമാനം. 2016 ഡിസംബറിൽ ഒപ്പുവെച്ച ചരിത്രപരമായ സഹകരണ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സഖ്യം മുന്നോട്ട് പോകുന്നത്. വിപണിയിലെ ആവശ്യകതയും വിതരണവും കൃത്യമായി വിലയിരുത്താൻ ജോയിന്റ് മിനിസ്റ്റീരിയൽ മോണിറ്ററിങ് കമ്മിറ്റിയുടെ (JMMC) കാലാവധിയും അധികാരങ്ങളും യോഗം പുതുക്കി നൽകി.

Advertising
Advertising

വിപണിയിലെ ഉൽപാദന നിരക്കുകളും, അംഗരാജ്യങ്ങൾ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ മോണിറ്ററിങ് കമ്മിറ്റി ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരും. ഒപെക് സെക്രട്ടേറിയറ്റിന്റെ പൂർണ പിന്തുണ ഇതിനുണ്ടാകും. ആഗോള വിപണിയിൽ പെട്ടെന്നുണ്ടാകുന്ന വില വ്യതിയാനങ്ങളും പുതിയ ചലനങ്ങളും നേരിടാൻ ഏത് സമയത്തും അടിയന്തര മന്ത്രിതല യോഗങ്ങൾ വിളിച്ചുചേർക്കാൻ കമ്മിറ്റിക്ക് പൂർണ അധികാരവും നൽകിയിട്ടുണ്ട്. മുമ്പ് നിശ്ചയിച്ച പരിധിയിൽ കൂടുതൽ എണ്ണ വിപണിയിലെത്തിച്ച രാജ്യങ്ങൾ അതിന് കൃത്യമായ നഷ്ടപരിഹാര സംവിധാനം പാലിക്കണമെന്ന് യോഗം കർശനമായി നിർദേശിച്ചു.

2027-ലെ ഉൽപാദന അളവ് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന റഫറൻസായി ഉപയോഗിക്കുന്നതിനായി, സഖ്യത്തിലെ എല്ലാ രാജ്യങ്ങളുടെയും പരമാവധി സുസ്ഥിര ഉൽപാദന ശേഷി കൃത്യമായി വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു. 2019 ജൂലൈയിൽ ഒപ്പുവെച്ച ചാർട്ടർ ഓഫ് കോപ്പറേഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒപെക് സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പദ്ധതിക്ക് യോഗം അംഗീകാരം നൽകി. സഖ്യത്തിന്റെ അടുത്ത 42-ാമത് ഒപെക്-നോൺ ഒപെക് മന്ത്രിതല യോഗം നവംബർ 29-ന് നടക്കും.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News