Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിൽ പ്രഖ്യാപിച്ച പുതിയ സൈബർ കുറ്റകൃത്യ നിയമം ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുക. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യകൾക്കും സ്വകാര്യതാ ലംഘനങ്ങൾക്കും കടുത്ത ശിക്ഷയയാണ് നിയമം നിശ്ചയിച്ചിരിക്കുന്നത്. പ്രചരിപ്പിക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ പോലും മറ്റൊരാളെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ പുതിയ നിയമപ്രകാരം അത് കുറ്റകരമാകും.
രാജകീയ ഉത്തരവിലൂടെ നടപ്പിലാക്കിയ പുതിയ സൈബർ കുറ്റകൃത്യ നിയമത്തിലെ ആർട്ടിക്കിൾ 36 ഡിജിറ്റൽ സ്വകാര്യതയുടെ ശക്തമായ കാവലാളാവുകയാണ്. അനുമതിയില്ലാതെ മറ്റൊരാളുടെ സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും, സന്ദേശങ്ങൾ ചോർത്തുന്നതും, സമ്മതമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കടുത്ത ശിക്ഷാർഹമായ കുറ്റങ്ങളാണ്. വിവരങ്ങൾ വസ്തുതാപരമായി ശരിയാണെങ്കിൽ പോലും, അത് മറ്റൊരാളെ മനഃപൂർവ്വം ദ്രോഹിക്കാനോ പ്രശസ്തിക്ക് കോട്ടം വരുത്താനോ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും.
സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്യുന്നവർക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടിവരും. വ്യക്തികളുടെ മാന്യതയെയും അഭിമാനത്തെയും ബാധിക്കുന്ന വിഷയങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും. ഇത്തരം കേസുകളിൽ 3,000 മുതൽ 10,000 റിയാൽ വരെ പിഴയും ചുമത്തും.