വേനൽച്ചൂട് രൂക്ഷം; മേയിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ, 49.1°C
ഏറ്റവും കുറവ് ജബൽ ഷംസിൽ, 10.4°C
മസ്‌കത്ത്: മേയ് മാസത്തിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). 49.1°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില. മേയ് മാസത്തിൽ ഒമാനിൽ കടുത്ത ചൂട് അനുഭവപ്പെട്ടതായാണ് കണക്ക്. സുൽത്താനേറ്റിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രതിമാസ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളിലാണ് പറയുന്നത്. സുവൈഖ് 48.8°C, സഹം 48.6°C, അൽ ഖാബൂറ 48.5°C, വാദി അൽ മആവിൽ 48°C എന്നിങ്ങനെയാണ് ഉയർന്ന താപനിലയുള്ള ഇടങ്ങൾ.
അതേസമയം, മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസിൽ രേഖപ്പെടുത്തി. 10.4°C ആണ് ഇവിടെ രേഖപ്പെടുത്തിയത്. സൈഖ് (15.8°C), ജബൽ ഹാരിം (16°C), അൽ സിനീന (18.4°C), യൻഖുൽ (19.5°C) എന്നിവിടങ്ങളിലും കുറഞ്ഞ താപനില രേഖപ്പെടുത്തി.
അതേസമയം, അൽ വാഫി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2025 മെയ് മാസത്തിലായിരുന്നുവെന്നും സിഎഎ അറിയിച്ചു. 48°C ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. 2026 മെയ് മാസത്തിൽ സ്റ്റേഷൻ 47.9°C ആണ് രേഖപ്പെടുത്തിയത്. 2019 ജനുവരിയിൽ സ്റ്റേഷൻ സ്ഥാപിച്ചതിനു ശേഷമുള്ള രണ്ടാമത്തെ ഉയർന്ന താപനിലയാണിത്.