Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ പുതിയ മുസന്ദം വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും. ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ബിഡുകൾ സമർപ്പിച്ചത് ഇരുപതോളം കമ്പനികളാണ്. അത്യാധുനിക സൗകര്യങ്ങളോടെ 2028 ൽ പൂർത്തിയാകുന്ന വിമാനത്താവളം, മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കും.
നൂതന സൗകര്യങ്ങളോടെയാണ് മുസന്ദം വിമാനത്താവളം ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 മീറ്റർ വീതിയുള്ള റൺവേ ഉൾപ്പെടും. പ്രതിവർഷം 250,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി കെട്ടിടം നിർമിക്കും. കൂടാതെ, എയർ ട്രാഫിക് കൺട്രോൾ ടവർ, ടാക്സിവേകൾ, മറൈൻ റെസ്ക്യൂ സ്റ്റേഷൻ, വിമാനങ്ങൾക്കുള്ള പാർക്കിംഗ് സ്ഥലങ്ങൾ എന്നിവ നിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ, റൺവേ 3,300 മീറ്ററായി വികസിപ്പിക്കും. കൂടാതെ ടാക്സിവേകളുടെയും വിമാന പാർക്കിംഗ് സ്ഥലങ്ങളുടെയും എണ്ണവും വർദ്ധിപ്പിക്കും. മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി നേരത്തെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഗവർണറേറ്റ് സന്ദർശിച്ചിരുന്നു. മുസന്ദമിലെ ശൈഖുമാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങളും നിർദേശങ്ങളും അദ്ദേഹം ചോദിച്ചറിയുകയും ചെയ്തിരുന്നു.