ഒമാൻ ഡെസേർട്ട് മാരത്തണിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു
2026 ജനുവരി 10 മുതൽ 14 വരെ നോർത്ത് ഷർഖിയയിലെ ബിദിയയിലാണ് മത്സരം
മസ്‌കത്ത്: ലോകത്തിലെ പ്രമുഖ മരുഭൂമി റേസുകളിലൊന്നായ ഒമാൻ ഡെസേർട്ട് മാരത്തണിന്റെ 11-ാം പതിപ്പിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2026 ജനുവരി 10 മുതൽ 14 വരെ നോർത്ത് ഷർഖിയയിലെ ബിദിയയിലാണ് മത്സരം നടക്കുക. ലോകോത്തര താരങ്ങൾ ഇതിനോടകം തന്നെ മത്സരത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചതോടെ മാരത്തൺ ലോക ശ്രദ്ധ നേടുകയാണ്. പ്രമുഖ ജർമ്മൻ മാഗസിനായ 'റണ്ണേഴ്‌സ് വേൾഡി'ൽ മാരത്തണിനെക്കുറിച്ച് അടുത്തിടെ വലിയ കവറേജ് ലഭിച്ചത് ഒമാന്റെ ടൂറിസം മേഖലയ്ക്കും സാഹസിക കായിക വിനോദങ്ങൾക്കും വലിയ പ്രചോദനമാണ് നൽകിയിരിക്കുന്നത്.
ഇന്റർനാഷണൽ ഓർഗനൈസേഷനായ ഷീറേസസിൽ നിന്ന് അക്രഡിറ്റേഷൻ ലഭിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇവന്റ് എന്ന പ്രത്യേകതയും ഒമാൻ ഡെസേർട്ട് മാരത്തണിനുണ്ട്. ദീർഘദൂര ഓട്ടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായുള്ള മാരത്തണിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം കാണിക്കുന്നത്. റോഡ്, മൗണ്ടൻ റേസുകളിൽ സ്ത്രീകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ ദീർഘദൂര ഓട്ടങ്ങളിൽ അവരുടെ പങ്കാളിത്തം 16% മാത്രമാണ്. കായികരംഗത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഷീറേസസ്.