'റിമ ചെയ്തത് മൂന്ന് സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തിന്‍റെ എഫര്‍ട്ട്, ഒരു അഭിനേതാവ് എന്ന നിലയിൽ അവരെ പലരും യൂസ് ചെയ്‌തിട്ടില്ല'; സജിൻ ബാബു സംസാരിക്കുന്നു

ബിരിയാണി, അയാള്‍ ശശി, അസ്‌തമയം വരെ തുടങ്ങിയ സിനിമകളിലൂടെ സുപരിചതനാണ് സംവിധായകന്‍ സജിന്‍ ബാബു. ബിരിയാണിയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സജിന്‍ ബാബുവിന്‍റെ പുതിയ ചിത്രം 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിനൊരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സജിന്‍ ബാബു 'തിയേറ്ററു'മായി എത്തുമ്പോള്‍ മലയാളികളുടെ പ്രിയതാരം റിമ കല്ലിങ്കലും ഒരിടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുകയാണ്

Update: 2025-10-16 10:18 GMT

ബിരിയാണി, അയാള്‍ ശശി, അസ്‌തമയം വരെ തുടങ്ങിയ സിനിമകളിലൂടെ സുപരിചതനാണ് സംവിധായകന്‍ സജിന്‍ ബാബു. ബിരിയാണിയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സജിന്‍ ബാബുവിന്‍റെ പുതിയ ചിത്രം 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിനെത്തിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സജിന്‍ ബാബു 'തിയേറ്ററു'മായി എത്തുമ്പോള്‍ മലയാളികളുടെ പ്രിയതാരം റിമ കല്ലിങ്കലും ഒരിടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ മാധ്യമപ്രവർത്തക ഫർസാന ജലീലുമായി പങ്കുവയ്‌ക്കുകയാണ് സംവിധായകന്‍.

ബിരിയാണിക്ക് ശേഷം സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണല്ലോ തിയേറ്റര്‍. എന്താണ് 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'?

Advertising
Advertising

സത്യത്തില്‍ ഇതൊരു സമകാലിക വിഷയമാണ് ചർച്ച ചെയ്യുന്നത്. സോഷ്യൽ മീഡിയയും ന്യൂ മീഡിയയും എങ്ങനെയാണ് ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് കയറുമ്പോള്‍ അറിയാതെയെങ്കിലും, അവർ അതിന്‍റെ ഭാഗമാകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു. സോഷ്യൽ മീഡിയയെ കുറിച്ചൊന്നും ധാരണയില്ലാത്ത രണ്ട് സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഈ പുതിയ ലോകം എങ്ങനെ കടന്നുവരുന്നു എന്നതാണ് 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'.

ചിത്രത്തിന് നിരവധി ലെയറുകള്‍ ഉണ്ട്. അതേടൊപ്പം മിത്തിലൂടെയാണ് കഥ മുന്നോട് പോകുന്നത്. പല തരത്തിലുള്ള മിത്തുകള്‍ ഉണ്ടല്ലോ - കല്ലിയങ്കാട്ട് നീലി, കത്തനാര്‍ തുടങ്ങി കഥാപാത്രങ്ങളെ പോലെ 'തിയേറ്ററി'ല്‍ നാഗങ്ങളെയും നാഗപ്പാട്ടിനെയും ആസ്‌പദമാക്കി മിത്ത് ഘടകങ്ങൾ ചേർന്നിരിക്കുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി പാടുന്ന നാഗപ്പാട്ട്, അതിന്‍റെ പിന്നിലെ വിശ്വാസങ്ങൾ, ആ മിത്തുകളുടെ പ്രതീകങ്ങൾ — ഇവയെല്ലാം ഒരുമിച്ച് ചേർത്ത് പറയുന്ന കഥയാണിത്. ഇന്നത്തെ സമൂഹത്തിൽ ഇപ്പോഴും അങ്ങനെയുള്ള വിശ്വാസങ്ങളുമായി ജീവിക്കുന്ന ആളുകൾ ഉണ്ടെന്ന വസ്‌തുതയും ഈ കഥയിൽ പ്രതിഫലിക്കുന്നു. ആധുനികതയും മിത്തും മിശ്രിതമാകുന്ന, സമൂഹത്തിന്‍റെ യാഥാർത്ഥ്യവുമായി ചേർന്ന് പോകുന്ന ഒരു ആഖ്യാനമാണിത്.

സിനിമയില്‍ റിമ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ സ്‌ട്രോംഗ് ആണ്. ഈ സിനിമയില്‍ എല്ലാവര്‍ക്കും കണക്‌ടാകുന്ന ചില കൊമേഴ്‌ഷ്യല്‍ എലമെന്‍റുകളും ഉണ്ട്. പക്ഷേ, അവ മനപ്പൂര്‍വ്വം ചേര്‍ത്തതല്ല, സ്വാഭാവികമായി വന്നതാണ്. മിത്ത് ഓഫ് റിയാലിറ്റിയില്‍ പലപ്പോഴും നമ്മുക്കറിയാല്ലോ, നമ്മുടെ ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥ്യമാണോ അതോ സ്വപ്‌നമാണോ അതോ മിത്താണോ എന്നൊക്കെയുള്ള കാര്യം. ഇന്നത്തെ സമകാലിക വിഷയങ്ങളുമായി ചേര്‍ന്ന് ഒരു ആശയം അവതരിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യം.

കേരള ഫിലിം ക്രിട്ടികസ് അവാര്‍ഡില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണല്ലോ 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' പ്രദര്‍ശനത്തിന് എത്തുന്നത്.. ചിത്രം റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത്?

കാന്‍സിലായിരുന്നു ട്രെയിലര്‍ റിലീസ്. ശേഷം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടി. മികച്ച നടിക്ക് റിമയ്‌ക്കും, സപ്പോര്‍ട്ടിംഗ് നടനുള്ള പുരസ്‌കാരം പ്രമോദ് വെളിയനാടിനും കിട്ടി. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ യാള്‍ട്ട ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലായിരുന്നു. റഷ്യയിലെ കസാക്കിസ്ഥാനില്‍ ഒക്‌ടോബര്‍ എട്ട്, ഒൻപത് തീയതികളിലായിരുന്നു പ്രീമിയര്‍. ടൈം എന്ന കള്‍ച്ചറല്‍ എക്‌സ്‌ചെയിഞ്ചിന്‍റെ ഭാഗമായി നടന്ന ഇന്ത്യ-റഷ്യ പ്രോഗ്രാമിലെ ഇന്‍വൈറ്റഡ് ചിത്രം കൂടിയായിരുന്നു. ഇവിടെയൊക്കെ ഞാന്‍ പോകുകയും ചെയ്‌തിരുന്നു.

'തിയേറ്റര്‍' കാന്‍സ് ഫിലിം ഫെസറ്റിവലില്‍ എത്തിയത് എങ്ങനൊണ്. ട്രെയിലര്‍ ലോഞ്ച് അനുഭവം പങ്കുവയ്‌ക്കാമോ?

ഞാന്‍ കാന്‍സില്‍ പോയിരുന്നു. ട്രെയിലർ ലോഞ്ച് നല്ലൊരു അനുഭവമായിരുന്നു. ട്രെയിലര്‍ കണ്ടിട്ട് ഒരുപാട് പേര്‍ മികച്ച അഭിപ്രായം പറഞ്ഞു. നല്ല കയ്യടിയും ആയിരുന്നു. ഒരുപാട് വലിയ വ്യക്തികളാക്കെ ഉണ്ടായിരുന്നു. സുധീര്‍ മിശ്രയായിരുന്നു ഉദ്‌ഘാടനം. ശേഖര്‍ കപൂര്‍, ഗൗതം ഘോഷ്, കേരളത്തില്‍ നിന്നും ഡോ.ബിജു എന്നിവരും ഉണ്ടായിരുന്നു. എല്ലാവരുടെയും റെസ്‌പോണ്‍സ് ഭയങ്കര പോസിറ്റീവാണ്. അതുതന്നെയാണ് ഇത് ആളുകള്‍ കാണേണ്ട സിനിമയാണെന്നും, ഫെസ്‌റ്റിവല്‍ സിനിമ അല്ലെന്നുമുള്ള ധാരണ ഉണ്ടായത്. അത് അവിടത്തെ പ്രിവ്യൂവിന് ശേഷമാണ്.

അന്താരാഷ്‌ട്ര തലത്തില്‍ ലഭിച്ച പ്രതികരണങ്ങളെ കുറച്ച് പറയാമോ?

മോസ്‌കോ ഫിലിം ഫെസ്‌റ്റിവല്‍ ഉൾപ്പെടെ രണ്ട്-മൂന്ന് വലിയ ഫിലിം ഫെസ്‌റ്റിവലുകളിലേക്ക് നേരത്തെ തന്നെ കിട്ടിയതാണ്. ഒരു ഫെസ്‌റ്റിവല്‍ ചിത്രമായി കാണിക്കേണ്ടെന്ന് വിചാരിച്ചാണ് ഞങ്ങള്‍ അങ്ങനെ എടുക്കാതിരുന്നത്. ഇതൊരു ഫെസ്‌റ്റിവല്‍ പടമാണെന്ന് കരുതി ആളുകള്‍ കാണില്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. നമ്മള്‍ റിലീസ് തീയതി തീരുമാനിച്ച ശേഷമാണ് മറ്റ് സ്ഥലത്ത് നിന്നൊക്കെ ക്ഷണം വന്നത്. പിന്നെ എന്തായാലും ഇവിടെ കാണിക്കാമെന്ന് തീരുമാനിച്ചു. റിലീസിന് ശേഷം പല ഫെസ്‌റ്റിവലുകളിലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവിടെയൊക്കെ ഈ സിനിമ ട്രാവല്‍ ചെയ്യും.

എന്തുകൊണ്ട് റിമ കല്ലിങ്കല്‍? ഈ കാസ്‌റ്റിംഗിന് പിന്നിലെ കാരണം എന്താണ്?

സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാകും. ഫിസിക്കലി സട്രോംഗ് ആയൊരു ഫീമെയില്‍ ലീഡ് തന്നെ വേണം. തെങ്ങില്‍ കയറണം. ക്ലൈമാക്‌സിനായി നീന്തല്‍ ചെയ്യണം. അതൊക്കെ വളരെ കൃത്യമായാണ് ചെയ്‌തിരിക്കുന്നത്. അപ്പോൾ നല്ലൊരു നടി തന്നെ വേണം. റിമയാണ് ഈ സിനിമയ്ക്ക് പറ്റിയ നടിയെന്ന് എനിക്ക് നേരത്തെ തന്നെ തോന്നിയിട്ടുണ്ട്. അവര്‍ നല്ലൊരു പെര്‍ഫോര്‍മര്‍ ആണ്. ഒരു അഭിനേതാവെന്ന നിലയിൽ അവരെ കൃത്യമായി പലരും യൂസ് ചെയ്‌തിട്ടില്ല. അപ്പോള്‍ ആ നിലയില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു സിനിമയാണിത്. സിനിമയുടെ കഥയ്‌ക്കും ആ സാഹചര്യത്തിനും ആവശ്യം ഉള്ളത് കൊണ്ടാണ് ആ കാസ്‌റ്റിംഗിലേക്ക് പോയത്. അതുകൊണ്ടാണ് റിമയെ കാസ്‌റ്റ് ചെയ്തത്.

തിയേറ്റര്‍ ഒരു സ്‌ത്രീ കേന്ദ്രീകൃത കഥയാണോ?

ഇതൊരു ഫീമെയില്‍ ഓറിയന്‍റഡ് സബ്‌ജെക്‌ട് ആണ്. കഥ അങ്ങനെയാണ്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധമാണ്. ഒരു ദ്വീപിൽ ജീവിക്കുന്ന പലതരം പ്രവർത്തകരും അവരുടെ ജീവിതത്തിൽ എങ്ങനെയാണവർ ബാഹ്യമായുള്ള ഇടപെടലുകള്‍ നടത്തുന്നത് എന്നൊക്കെയുള്ളതാണ്. അത്യാവശ്യം എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന എല്ലാത്തരം ഓഡിയന്‍സിനും ക്യാപ്‌ചര്‍ ചെയ്യാന്‍ പറ്റുന്ന സിനിമയാണിത്. തീര്‍ച്ചയായും സ്‌ത്രീ കേന്ദ്രീകൃത സിനിമയാണ്. അത് യാദൃശ്ചികമായി സംഭവിച്ച് പോകുന്നതാണ്. ബിരിയാണി ആണെങ്കിലും ഈ സിനിമ ആണെങ്കിലും ഒരു ഫീമെയില്‍ ഓറിയന്‍റഡ് സബ്‌ജെക്‌ട് ആയിട്ടാണ് വരുന്നത്. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല.

സിനിമയുടെ പോസ്‌റ്ററുകളെല്ലാം ശ്രദ്ധേയമാണല്ലോ. പോസ്‌റ്ററുകളില്‍ ഒന്നില്‍ തെങ്ങിന്‍ മുകളില്‍ ഇരിക്കുന്ന റിമയെ കാണാമല്ലോ. ഇതിലെ റിമയുടെ കഥപാത്രത്തെ കുറിച്ച് പറയാമോ? ഇതിനായി തെങ്ങില്‍ കയറാന്‍ റിമയ്‌ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നോ?

തീര്‍ച്ചയായും, തെങ്ങില്‍ കയറാനായി ഏകദേശം ഒരാഴ്‌ച്ചയോളം പരിശീലനം റിമയക്ക് കൊടുത്തിരുന്നു. ഒരു ട്രെയിനര്‍ ഉണ്ടായിരുന്നു. അവര്‍ വളരെ കൃത്യമായി അത് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു. എനിക്ക് തോന്നുന്നു, യാതൊരുവിധ സങ്കോചവും ഇല്ലാതെയാണ് റിമ ശരിക്കും തെങ്ങില്‍ കയറിയത്. കയ്യും കാലും ഭയങ്കരമായി മുറിഞ്ഞിട്ട് പോലും, ചെറിയ രീതിയില്‍ ഒരഞ്ഞ് കാലില്‍ നിന്നൊക്കെ ചോര വന്നിട്ടും അവര്‍ അതിനെ ഒന്നും മൈന്‍ഡ് ചെയ്യാതെ വളരെ ഉയരുമുള്ള തെങ്ങിന്‍റെ അങ്ങേ അറ്റം വരെ പോയിരുന്നു.

ഭയങ്കരമായി വളഞ്ഞ് നില്‍ക്കുന്ന വലിയ ഒരു തെങ്ങുണ്ട്. അത് കാണുമ്പോള്‍ തന്നെ പേടിയാകും സത്യത്തില്‍. അങ്ങനെ ഒരു തെങ്ങിലാണ് റിമ കയറിയത്. ഒരു തെങ്ങല്ല, അതുപോലത്തെ രണ്ട് മൂന്ന് തെങ്ങില്‍ അവർ കയറുന്നുണ്ട്. അത്രയും പരിചയസമ്പന്നവും പരിശീലനവും ഇല്ലാതെ ചെയ്യാനാകില്ല.. അത്രയും ആത്മവിശ്വാസവും വേണം. അതൊരു പുരുഷന് പോലും ചെയ്യാനാകുമെന്ന് തോന്നുന്നില്ല. തെങ്ങില്‍ കയറി പരിചയമുള്ള ആളുകള്‍ക്ക് പോലും അതില്‍ കയറാന്‍ പാടായിരിക്കും.

അത് വളരെ കൃത്യമായിട്ടും തന്‍റേടത്തോടും കൂടി കഥാപാത്രത്തിന്‍റെ പൂര്‍ണതയ്‌ക്ക് വേണ്ടി അവര്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്‌തു. അതിന്‍റെയൊക്കെ ഒരു റിസള്‍ട്ടാണ് റിമയ്‌ക്ക് അവാര്‍ഡുകള്‍ കിട്ടുന്നത്. ഇനിയും അവാര്‍ഡുകൾ കിട്ടും എന്നാണ് എന്‍റെ വിശ്വാസം. അവാര്‍ഡുകള്‍ മാത്രമല്ല, അത് ഓഡിയന്‍സ് കാണേണ്ടത് കൂടിയാണ്. ഇതൊരിക്കലും ഒരു അവാര്‍ഡ് ടൈപ്പ് അല്ലെങ്കില്‍ ഒരു സ്ലോ പെയില്‍ പോകുന്ന ഒരു ചിത്രമോ അല്ല. ഇതിന് കൃത്യമായിട്ടുള്ളൊരു പെയിസ് ഉണ്ട്. ആ തലത്തിലാണ് ഇത് ഡിസൈന്‍ ചെയ്‌തിരിക്കുന്നതും. അപ്പോള്‍ പുതിയ കുറേ ഇമേജസും നിങ്ങള്‍ക്ക് കാണാന്‍ പറ്റും എന്നുള്ളതാണ് എന്‍റെ വിശ്വാസം.

സാധാരണ സ്‌ത്രീകള്‍ തെങ്ങില്‍ കയറാറില്ല.. ഇങ്ങനെ ഒരു നൂതന ആശയം ഈ സിനിമയില്‍ കൊണ്ടുവരാനുണ്ടായ കാരണം?

സാധാരണ സ്‌ത്രീകള്‍ തെങ്ങില്‍ കയറാറില്ലെങ്കിലും ഞാന്‍ എന്‍റെ ജീവിതത്തില്‍ സ്‌ത്രീകള്‍ തെങ്ങില്‍ കയറുന്നത് കണ്ടിട്ടുണ്ട്. എന്‍റെ വീടിനടുത്ത് ഒരു സ്‌ത്രീ ഉണ്ടായിരുന്നു. ത്രേസിയ ചേച്ചി. അവര്‍ നമ്മുടെ വീട്ടിലെ തെങ്ങിലും പ്ലാവിലും ഒക്കെ കയറുമായിരുന്നു. അപ്പോള്‍ അതെന്നെ ഇന്‍സ്‌പയര്‍ ചെയ്‌തിട്ടുണ്ട്. അങ്ങനെ ജീവിതത്തില്‍ കണ്ടിട്ടുള്ള പല കാര്യങ്ങളും ഇന്‍സ്‌പയര്‍ ചെയ്‌തിട്ടാണല്ലോ നമ്മളൊരു ക്യാരക്‌ടര്‍ ഡെവലപ്പ് ചെയ്യുന്നത്. പിന്നെ ഈ സിനിമയില്‍ ഈ ക്യാരക്‌ടറിന് അത് ആവശ്യവുമാണ്.

സിനിമയുടെ മറ്റൊരു പോസ്റ്ററില്‍ റിമയുടെ മുഖത്തിന് നേരെ ഒരു സര്‍പ്പമാണല്ലോ. മറ്റൊന്നില്‍ റിമയുടെ മുഖത്ത് നിറയെ വൃണങ്ങളും. ടീസറിലും ഇത് കാണുന്നുണ്ടല്ലോ. പാമ്പും മുഖത്തെ വൃണവും - ഇതിന്‍റെ പ്രാധാന്യം എന്താണ്?

കാവും, പാമ്പിന്‍റെ മിത്തും, കടിച്ച പാമ്പിനെ തിരിച്ച് വിളിക്കുന്നതും ഒക്കെയുണ്ടല്ലേ. അത്തരം ഒരു കുടുംബത്തില്‍പ്പെട്ട, ഒരു പുതിയ തലമുറയില്‍പെട്ട, ഒരു അമ്മയും മകളുമാണ് ഇതില്‍ പ്രധാനപ്പെട്ട ക്യാരക്‌ടറായി വരുന്നത്. സര്‍പ്പ ദോശം, അതുപോലെ അങ്ങനെ പലതും വരുന്നുണ്ട്. പിന്നെ അവരുടെ ജീവിതവൃത്തി, ആ മിത്തിന്‍റെ പിറകെയുള്ള സാധനങ്ങള്‍, അങ്ങനെ പലതും വരുന്നുണ്ട്. അതിപ്പോള്‍ പറയാനാകില്ല.

സരസ ബലുശ്ശേരിയും പ്രധാന വേഷത്തില്‍ ഉണ്ടല്ലോ. റിമയും സരസയും തമ്മിലുള്ള കോമ്പോയെ കുറിച്ച് പറയാമോ?

റിമയും സരസ ബാലുശ്ശേരിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. സര ബാലുശ്ശേരിയാണ് അമ്മ. അമ്മയും മകളും തമ്മിലുള്ളൊരു ബന്ധം ഇതിലെ പ്രധാന ഒന്നാണ്. അമ്മയ്‌ക്ക് മകളും മകള്‍ക്ക് അമ്മയും മാത്രമായി ജീവക്കുന്ന ഒരു പ്രിമൈസ് ആണ് തുടക്കത്തില്‍ ഉള്ളത്. പിന്നെ അവരുടെ പ്രകടനവും. ഭയങ്കര രസമുള്ള സ്‌ത്രീകളാണ് അവർ രണ്ടു പേരും. രണ്ട് പേരും നല്ല അഭിനേതാക്കൾ കൂടിയാണ്. ഈ സിനിമയിലും അവർ നന്നായി ചെയ്‌തിട്ടുണ്ട്. തിയേറ്ററിലൂടെ മലയാള സിനിമയിൽ അമ്മ-മകള്‍ കോമ്പിനേഷന്‍ ഭയങ്കര രസമായിട്ട് വരാന്‍ പോകുകയാണ്. സിനിമയില്‍ അത് വളരെ രസമായിട്ടും വന്നിട്ടുണ്ട്.

ഈ പ്രായത്തിലും സരസ ബാലുശ്ശേരി കാണിക്കുന്ന ഒരു ഡെഡിക്കേഷന്‍ ഉണ്ടല്ലോ. അതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. പിന്നെ എല്ലാവരും നല്ല രസമുള്ള ആളുകളായിരുന്നു. ക്രൂവും ടീമും നല്ലതായിരുന്നു. അങ്ങനെ എല്ലാവരും കൂടി സഹകരിച്ച് 47 ദിവസം കൊണ്ടാണ് 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഷൂട്ട് ചെയ്‌തത്.

സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കളെയും ടീമിനെയും കുറിച്ച് പറയാമോ?

പ്രൊമോദ് വെളിയനാട് ചെയ്‌ത കഥാപാത്രത്തിനും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയിരുന്നു. സപ്പോര്‍ട്ടിംഗ് ആക്‌ടര്‍ക്കുള്ള പുരസ്കാരം. അദ്ദേഹം ഇതില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്യുന്നുണ്ട്. അതോടൊപ്പം മേഘ രാജന്‍ - ചെന്നൈയിലുള്ള അവര്‍ ഇതില്‍ ഡോക്‌ടറായാണ് ചെയ്യുന്നത്. വളരെ ഇന്‍ററസ്‌റ്റിംഗ് ക്യാരക്‌ടറാണ്. അതുപോലെ ഡീന്‍ ഡേവിസും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. ഡീനിന്‍റെ ഡെഡിക്കേഷന്‍ ഭയങ്കരമായിരുന്നു. പിന്നെ ആന്‍ സലീമും ഇതിലൊരു പ്രധാന ക്യാരക്‌ടര്‍ ചെയ്‌തിട്ടുണ്ട്. അവരും മികച്ച ഒരു നടിയാണ്. നല്ല രസമായി ചെയ്‌തിട്ടുണ്ട്. അതുപോലെ കൃഷ്‌ണന്‍ ബാലകൃഷ്‌ണനും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. പിന്നെ മീനാക്ഷി രവീന്ദ്രന്‍, മാധ്യമപ്രവർത്തക അപര്‍ണ സെന്‍, ലക്ഷ്‌മി പദ്‌മ, ആര്‍ജെ അഞ്ജലി, രഘു ഉത്തമന്‍, ബിലാസ് നായര്‍, രതീഷ്, അരുണ്‍ സോള്‍ അങ്ങനെ ഒരുപാട് പേരുണ്ട്.

കേരളത്തിലെ ആചാരങ്ങളും സ്‌ത്രീ മൂല്യങ്ങളും തിയേറ്ററുമായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു? ഇതൊരു വിശ്വാസത്തിന്‍റെ കൂടി കഥയാണോ?

ഈ കാലഘട്ടത്തിലെ വിശ്വാസവും യുക്തിവാദവും തമ്മിലുള്ളൊരു വേര്‍തിരിവ്- അത് പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴത്തെ പുതിയ തലമുറയ്ക്കും ജെന്‍സി തലമുറയ്‌ക്കും എങ്ങനെ പഴയ കാര്യങ്ങളെ റിലേറ്റ് ചെയ്യാൻ കഴിയും. അവര്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്. അത് എങ്ങനെയുള്ള വിഷയമാണെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഇതൊരു ഭക്തി സിനിമ ഒന്നുമല്ല. ഇപ്പോഴത്തെ ഒരു പൊളിറ്റിക്കല്‍ സിറ്റുവേഷനും അത് എങ്ങനെയാണ് പാരമ്പര്യമായും യാഥാസ്ഥിതികമായും ജീവിക്കുന്ന രണ്ട് സ്‌ത്രീകളുടെ ജീവിതത്തെ ബാധിക്കുന്നത്. അവര്‍ ഈ സമൂഹത്തിൽ എങ്ങനെ ജീവിക്കുന്നു എന്നൊക്കെയുള്ളതാണ്. ഇതൊരു പുതിയ കാലഘട്ടത്തിന്‍റെ സിനിമയാണ്. ഇതും മിത്തും കൂടികലർന്നതാണ്. അതുകൊണ്ടാണ് സിനിമയുടെ ടൈറ്റില്‍ മിത്ത് ഓഫ് റിയാലിറ്റി എന്ന് പറയുന്നത്.

സിനിമയില്‍ പറയുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടോ?

എന്‍റെ ജീവിതത്തില്‍ ഉള്ള വിഷന്‍സ് തന്നെയാണല്ലോ സിനിമയായിട്ട് വരുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ അല്ലെങ്കിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ നമ്മുടെ നിരീക്ഷണവും കണ്‍ഫ്യൂഷനുകളും തോന്നലുകളുമൊക്കെ തന്നെ ആണല്ലോ സിനിമയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഭയങ്കര ഒരു വിശ്വാസി ഒന്നുമല്ല. എന്നുവെച്ച് വിശ്വാസികള്‍ മോശമാണെന്ന് ഞാന്‍ ഒരിടത്തും പറയുന്നില്ല. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നുമില്ല. എല്ലാവരും അവരുടേതായുള്ള ലോകത്തും അവരുടേതായുള്ള തലങ്ങളിലും ജീവിച്ച് കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. വിശ്വാസികള്‍ മോശമാണെന്നോ അവിശ്വാസികളാണ് ശരിയെന്നോ ഒന്നും ഞാന്‍ വ്യക്തിപരമായും വിശ്വസിക്കുന്നില്ല. ഇതിന്‍റെ എല്ലാം ഒരു ക്രോസ് സെഷന്‍ ആണല്ലോ നമ്മുടെ സൊസൈറ്റി.

ഖുര്‍ആനില്‍ തന്നെ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങള്‍ ചിന്തിക്കൂ എന്നാണ്. ഇക്ക്‌റഅ് ബിസ്‌മിയിൽ നിന്നാണല്ലോ തുടങ്ങുന്നത്. അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്? ഒരു സമുദ്രത്തിലെ വെള്ളം മുഴുവന്‍ പേനയുടെ മഷിയാക്കിയിട്ട് അത് എഴുതിയാലും തീരാത്തത്ര അറിവ് ഈ പ്രകൃതിയിലുണ്ട്. ഈ യൂണിവേഴ്സിലുണ്ട് എന്നതാണ്. അപ്പോള്‍ നമ്മള്‍ ഓരോ സമയത്തും ഓരോന്ന് കണ്ടെത്തിക്കൊണ്ടിരിക്കും. ആ ഒരു പോയിന്‍റെ ഓഫ് വ്യൂ ആണ് എനിക്ക് കൂടുതലും ഉള്ളത്.

ബിഗ് ബജറ്റ് സിനിമകളെ പോലെ തിയേറ്ററുകളില്‍ 'തിയേറ്ററി'ന് മികച്ച വിജയവും പ്രേക്ഷക പിന്തുണയും നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

സിനിമയ്‌ക്ക് ബിഗ് ബജറ്റും ചെറിയ ബജറ്റും ഒന്നും ഇല്ലല്ലോ. അത് നല്ല സിനിമയാണ്. ആളുകള്‍ക്ക് കണക്‌ട് ചെയ്യുന്ന സിനിമയാണെങ്കില്‍ വലിയ ബജറ്റിന്‍റെ ഒന്നും പ്രശ്‌നമില്ല. കാന്താര ഒന്നും ബിഗ് ബജറ്റില്‍ വന്ന സിനിമ അല്ലല്ലോ. രണ്ടാം ഭാഗമാണല്ലോ ആ ബജറ്റ് കിട്ടുന്നത്. അങ്ങനെ നോക്കുമ്പോള്‍ സിനിമയുടെ കണ്ടന്‍റിനാണ് പ്രാധാന്യം. മലയാള സിനിമ എല്ലാ കാലത്തും അങ്ങനെ അല്ലേ. അപ്പോള്‍ അതിലാണ് വിശ്വാസം. പിന്നെ ബിഗ് ബജറ്റിലും പാളിപ്പോകുന്ന എത്രയോ സിനിമകളുണ്ട്. അതിലുപരി ഇതൊരു തിയേറ്റര്‍ എക്‌സപീരിയന്‍സാണ്. ഇതിന്‍റെ സൗണ്ട് ആണെങ്കിലും വിഷ്വല്‍സ് ആണെങ്കിലും. ഇത് ഒടിടിയില്‍ കണ്ടാല്‍ വര്‍ക്ക് ആകാത്ത ഒരു സിനിമയാണ്. ഒടിടി റിലീസ് ഉടനെ ഒന്നും ഇല്ലതാനും. തിയേറ്ററില്‍ തന്നെ ആളുകള്‍ പോയി കണ്ടാലെ അവര്‍ക്ക് എക്‌സ്‌പീരിയന്‍സ് ചെയ്യാൻ പറ്റുള്ളു. അത് സിനിമ കാണുമ്പോള്‍ മനസ്സിലാകും. അപ്പോള്‍ അത് വലിയ വിജയം നേടുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഉറപ്പായും കണ്ടുകഴിഞ്ഞാല്‍ എല്ലാതരം ആളുകള്‍ക്കും മനസ്സിലാകും, എല്ലാതരം ആളുകള്‍ക്കും ഇഷ്‌ടപ്പെടുന്ന ഒരു സിനിമയാണ്.

ബിരിയാണി, ചെറിയ ബജറ്റില്‍ വലിയ വിജയം നേടിരുന്നു. തിയേറ്ററിന്‍റെ ബജറ്റ്, നിര്‍മാണ പ്രക്രിയ - ഇതിനെ കുറിച്ചൊക്കെ വിശദീകരിക്കാമോ?

അതെ, ബിരിയാണി ഒരു ചെറിയ ബജറ്റില്‍ ചെയ്‌ത സിനിമയാണ്. ബജറ്റ് അല്ലല്ലോ സിനിമ. ബിരിയാണി അങ്ങനത്തെ ഒരു റോ ആയിട്ട് ചെയ്യേണ്ട സിനിമയാണ്. സിനിമയുടെ സബ്‌ജക്‌ട് അങ്ങനെയാണ്. സിനിമയുടെ കണ്ടന്‍റ് അങ്ങനെയാണ്. തിയേറ്റര്‍ അങ്ങനെ അല്ല. ആ ഒരു ട്രീറ്റ്‌മെന്‍റല്ല തിയേറ്ററിനുള്ളത്. രണ്ടും രണ്ടാണ്. എല്ലാ സിനിമകളെയും ഞാന്‍ വളരെ വ്യത്യസ്‌തമായാണ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. അസ്‌തമയം വരെ എന്ന എന്‍റെ ആദ്യ സിനിമ എടുക്കുകയാണെങ്കില്‍ അതൊരു ഓഡിയോ വിഷ്വല്‍ എക്‌സ്‌പീരിയന്‍സ് ആയിരുന്നു. അതൊരു പക്കാ ഫെസ്‌റ്റിവല്‍ ചിത്രമായിരുന്നു. ആ ഒരു ക്രൗഡിനെ മാത്രം ഉദ്ദേശിച്ചുള്ള സിനിമയായിരുന്നു. അതുപോലെ തന്നെ അയാള്‍ ശശി എന്ന് പറയുന്ന ചിത്രവും. അതൊരു പക്കാ കൊമേഴ്‌ഷ്യല്‍ സിനിമ ആയിരുന്നില്ല. അതൊരു സറ്റയര്‍ ചിത്രമാണ്. ഞാന്‍ വേറൊരു തരത്തില്‍ ചെയ്യാന്‍ ശ്രമിച്ചൊരു സിനിമയാണ്.

തിയേറ്ററില്‍ എത്തുമ്പോള്‍ ഈ ചിത്രങ്ങളേക്കാളും ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ ഏറ്റവും വലിയ ബജറ്റുള്ള സിനിമയാണ്. അത്യാവശ്യം രസകരമായിട്ട് തന്നെ. അതിന്‍റെ ട്രീറ്റ്‌മെന്‍റും അങ്ങനത്തെ ഒരു ട്രീറ്റ്‌മെന്‍റ് ആണ്. അപ്പോള്‍ അതിന്‍റ ബജറ്റൊന്നും നമ്മുക്ക് വെളിപ്പെടുത്താന്‍ പറ്റില്ല. പിന്നെ, പ്രോസസ് സെയിം തന്നെയാണ്. ആദ്യ സിനിമ മുതലുള്ള എന്‍റെ ഫിലിം മേക്കിംഗ് പ്രോസസ് സെയിമാണ്. നമ്മള്‍ സിനിമയ്‌ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സിനിമയ്‌ക്ക് വെളിയില്‍ ഉള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ അധികം പ്രാധാന്യം കൊടുക്കാറില്ല. അപ്പോള്‍ എന്ത് പൈസ മുടക്കിയാലും അത് സിനിമയില്‍ ഉണ്ടാകും. ഇതൊരു ടീം വര്‍ക്കാണ്. എല്ലാവരും അവരവരെ കൊണ്ട് പറ്റുന്ന രീതിയില്‍ കോണ്‍ട്രിബ്യൂട്ട് ചെയ്‌തിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ദിവസം ഷൂട്ട് ചെയ്‌തിട്ടുള്ള പടവും തിയേറ്റര്‍ ആണ്. അപ്പോള്‍ അത് അര്‍ഹിക്കുന്ന വിജയം ഉണ്ടാകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന ഇന്നത്തെ സമകാലിക വിഷയങ്ങളുമായി കണക്‌ട് ചെയ്യുന്ന ഒരു സിനിമയാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പിന്നെ ആര്‍ട്ടിസ്‌റ്റാണല്ലോ ഏറ്റവും നന്നായി ചെയ്യേണ്ടത്. എന്‍റെ എല്ലാ സിനിമകളിലും ഞാന്‍ പെര്‍ഫോമന്‍സിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഒരുപാട് റീടേക്ക് എടുക്കും. ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നതും പെര്‍ഫോമന്‍സിനും കൊറിയോഗ്രഫിക്കും വേണ്ടിയാണ്. എന്‍റേതായിട്ടുള്ള വിഷ്വല്‍ ലാംഗ്വേജ് തന്നെയാണ് എല്ലാ ചിത്രത്തിലും ഉണ്ടാക്കാന്‍ ശ്രമിക്കുക. അതുപോലെ ഇതിലും അങ്ങനെ ഒരു സംഭവം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് കുറച്ച് കൂടി ജനകീയമായി സിനിമാറ്റിക്കായിട്ട് കണ്ടിരിക്കാന്‍ ശബ്ദവും എക്‌സ്‌പീരിയന്‍സ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ്.


തിയേറ്ററില്‍ റിമയുടെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്താമോ?

അതിപ്പോ നമ്മുക്ക് വെളിപ്പെടുത്താന്‍ പറ്റുന്നതല്ല. അവർ കൂടുതലൊന്നും വാങ്ങിച്ചിട്ടില്ല. മാന്യമായിട്ടുള്ള ഒരു പ്രതിഫലം ഞങ്ങള്‍ കൊടുത്തിട്ടും ഉണ്ട്. പറ്റുന്ന രീതിയിലുള്ള പ്രതിഫലം ഞങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സിനിമയുടെ ബജറ്റിനും വലിപ്പത്തിനും അനുസരിച്ചുള്ള പ്രതിഫലം റിമയ്‌ക്ക് കൊടുത്തിട്ടുണ്ട്. അതേസമയം റിമ പൊതുവെ വാങ്ങിക്കുന്നതിന്‍റെ മൂന്ന് പടത്തിന്‍റെ എഫര്‍ട്ട് ഈ സിനിമയ്ക്ക് ഇട്ടിട്ടുണ്ട്. പക്ഷേ ആ പ്രതിഫലം നമ്മുക്ക് കൊടുക്കാന്‍ പറ്റുമോന്ന് ചോദിച്ചാല്‍ മാന്യമായിട്ടുള്ള ഒരു പ്രതിഫലം കൊടുത്തിട്ടുണ്ട് എന്നുള്ളത് മാത്രമാണ് എനിക്ക് പറയാനുള്ളത്.

പുതിയ പ്രോജക്‌ടുകള്‍?

അഞ്ചോളം പ്രോജക്‌ടുകള്‍ പല രീതിയില്‍ പലരുമായും കൊളാബുറേറ്റ് ചെയ്‌തും സ്വന്തമായിട്ടും ഒക്കെ എഴുതുന്നുണ്ട്. മൂന്നാല് വര്‍ഷമായിട്ട് എഴുതുന്ന പല വിഷയങ്ങളുണ്ട്. ഇനി കുറച്ചു കൂടി ഗ്യാപ് ഇല്ലാതെ സിനിമകള്‍ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചില കംപ്ലീറ്റ് ആയ പ്രോജക്‌ടുകളും ഉണ്ട്. അഡ്വാന്‍സ് കിട്ടിയിട്ട് വെയിറ്റ് ചെയ്‌തിരിക്കുന്ന പ്രോജക്‌ടുകളുമുണ്ട്.

ഭാവിയില്‍ ആര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്‌ടം? പ്രത്യേക താല്‍പ്പര്യമുള്ള നടന്‍മാരോ നടിമാരോ ഉണ്ടോ?

തീര്‍ച്ചയായിട്ടും മലയാളത്തിലെയും മറ്റ് ഭാഷകളിലെയും ഏറ്റവും നല്ല ആര്‍ട്ടിസ്‌റ്റുകളുമായും മുന്നോട്ട് സഹകരിച്ച് സിനിമകള്‍ ഉണ്ടാക്കണം എന്ന് തന്നെയാണ് ഏതൊരു സിനിമാ പ്രവര്‍ത്തകനെ പോലെയും എന്‍റെയും ഏറ്റവും വലിയ ആഗ്രഹം. അതിന് വേണ്ടിയിട്ടുള്ള പണികള്‍ നടക്കുന്നുണ്ട്. പിന്നെ സമയവും കാലവും എല്ലാം ഒത്ത് വരികയാണെങ്കില്‍ ഇതൊക്കെ നടക്കും. എന്‍റെ ഏറ്റവും ഇഷ്‌ടപ്പെട്ട നടന്‍മാര്‍ മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറും ഒക്കെയാണ്. അവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്‌താല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്കൊക്കെ പറ്റിയ സബ്‌ജെക്‌ടുകളും ഉണ്ട്. അതുപോലെ യുവ നടനായ ടൊവിനോയുമായും എനിക്കൊരു സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. പുള്ളിക്കൊക്കെ പറ്റിയ സബ്‌ജെക്‌ടുകളും ഉണ്ട്. അതൊക്കെ അവരോട് പറഞ്ഞാല്‍ കൊള്ളാമെന്നും ഉണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - ഫർസാന ജലീൽ

contributor

Similar News