‘ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി, ഒരേയൊരു മതമേയുള്ളൂ, സ്‌നേഹമെന്ന മതം’; വൈറലായി ഐശ്വര്യ റായിയുടെ പ്രസംഗം
എല്ലാവരെയും സേവിക്കുക
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് ബോളിവുഡ് താരം ഐശ്വര്യ റായി നടത്തിയ പ്രസംഗം വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും പങ്കെടുത്ത വേദിയിലായിരുന്നു ഐശ്വര്യ റായ് സ്‌നേഹത്തെയും മതത്തെയും കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രസംഗിച്ചത്.
''ശ്രീ സത്യസായി ബാബയുടെ അനുഗ്രഹീതമായ ജന്മത്തിന്‍റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ദിവ്യസന്ദേശത്തിനായി നമുക്കെല്ലാവര്‍ക്കും സ്വയം സമര്‍പ്പിക്കാം. എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സേവിക്കുക. ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരേയൊരു മതമേയുള്ളൂ, സ്‌നേഹമെന്ന മതം. ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ഒരേയൊരു ദൈവമേയുള്ളൂ, അവന്‍ സര്‍വ്വവ്യാപിയാണ്. സായി റാം. ജയ് ഹിന്ദ്'' ഐശ്വര്യ പറഞ്ഞു.
''ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതനായതിനും ഈ പ്രത്യേക അവസരത്തെ ആദരിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്നത്തേയും പോലെ സ്വാധീനവും പ്രചോദനവും നല്‍കുന്ന, ഇന്ന് ഞങ്ങളെ പ്രചോദിപ്പിക്കുന്ന അങ്ങയുടെ വിവേകപൂര്‍ണമായ വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു,''പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ഐശ്വര്യ റായ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ഐശ്വര്യയെ അദ്ദേഹം അനുഗ്രഹിക്കുന്ന വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.