കവിതയുടെ സിനിമാ രൂപാന്തരങ്ങൾ; അഭിലാഷ് ബാബുവിൻ്റെ 'ആലോകം' മുതൽ 'കൃഷ്ണാഷ്ടമി' വരെ
സിനിമയെന്ന മീഡിയത്തിന്റെ സാധ്യത പുതിയ വിഷയങ്ങൾ അവതരിപ്പിക്കുക എന്നതു മാത്രമല്ല. അവതരിപ്പിക്കുന്ന രീതിക്ക് കൂടി അതിൽ സാധ്യതകൾ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.
പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയെ ആസ്പദമാക്കി അഭിലാഷു ബാബു ഒരുക്കിയെ ചിത്രമാണ് 'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ്'. സംവിധായകൻ ജിയോ ബേബിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആലോകം, മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് ഒരുക്കിയ ചിത്രമാണിത്. സംവിധായകനുമായി ജി.എസ് നവീൻനാഥ് നടത്തിയ അഭിമുഖം.
എന്തുകൊണ്ട് വൈലോപ്പിള്ളി കവിത സിനിമയാക്കുന്നു?
സാധാരണഗതിയിൽ കവിത സിനിമയാക്കാറില്ല. പ്രത്യേകിച്ച് മലയാളത്തിൽ. എന്നാൽ ദൃശ്യപരമായ കലാരൂപങ്ങൾ എന്ന നിലയ്ക്ക് കവിതയും സിനിമയുമായി അടുപ്പമുണ്ട്. മറ്റ് സാഹിത്യ രൂപങ്ങളെക്കാൾ ഞാൻ ശ്രദ്ധിക്കുന്നത് കവിത ആയതിനാൽ കവിതയിൽ സിനിമയുടെ സാധ്യത അബോധപൂർവ്വം തന്നെ തേടാറുണ്ട് എന്ന് തോന്നുന്നു.
ആദ്യത്തെ സിനിമയായ "ആലോകം: Ranges of Vision" ൽ വിഖ്യാതനായ ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിന്റെ അഞ്ച് ഡ്രാമാറ്റിക് മോണലോഗുകൾ കടന്നുവരുന്നുണ്ട്. രണ്ടാമത്തെ സിനിമയായ ''മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ" എന്ന ടൈറ്റിൽ തന്നെ അതിൽ ഒരു കഥാപാത്രം എഴുതിയ കവിതയുടെ ആദ്യ വരിയാണ്. ഏറ്റവും പുതിയ സിനിമയായ ''കൃഷ്ണാഷ്ടമി: the book of dry leaves" വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന 1950ഉകളിൽ എഴുതപ്പെട്ട കവിതയുടെ സ്വതന്ത്രവും ആധുനികമായ സിനിമാറ്റിക് വായനയാണ്. വൈലോപ്പിള്ളി മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട കവിയാണ്. അദ്ദേഹത്തിൻ്റെ മാസ്റ്റർപീസുകൾ ആയി പറയപ്പെടാറുള്ളവ മറ്റു കവിതകളാണ്. എന്നാൽ കൃഷ്ണാഷ്ടമി വിദ്യാർത്ഥിയായിരിക്കുന്ന സമയത്തുതന്നെ എനിക്ക് പ്രിയപ്പെട്ട കവിതയാണ്. അതിലെ ഇമേജുകൾ വളരെ നേരത്തെ തന്നെ എൻറെ മനസ്സിൽ ഉണ്ട്. അതിലെ കാലഘട്ടവും പശ്ചാത്തലവും എല്ലാം വേറെയാണ്. സിനിമയിലേക്ക് വരുമ്പോൾ പുതിയ രീതിയിലാണ് ഇമേജുകളെ രൂപപ്പെടുത്തിയത്. കാലഘട്ടവും പുതിയതാണ്.
മുൻ ചിത്രങ്ങൾ രൂപപരമായിക്കൂടി പരീക്ഷണ ചിത്രങ്ങൾ ആയിരുന്നു. പുതിയ ചിത്രത്തിലേക്ക് വരുമ്പോൾ ഇത് എങ്ങനെയാണ്?
സിനിമയെന്ന മീഡിയത്തിന്റെ സാധ്യത പുതിയ വിഷയങ്ങൾ അവതരിപ്പിക്കുക എന്നതു മാത്രമല്ല. അവതരിപ്പിക്കുന്ന രീതിക്ക് കൂടി അതിൽ സാധ്യതകൾ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഇത്തരത്തിൽ പറയുന്ന വിഷയത്തിനും പറയേണ്ടുന്ന രീതിയ്ക്കും പുതുമ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ. ആദ്യ സിനിമ ഒരു ആന്തോളജി ആയിരുന്നു. അഞ്ചു കവിതകൾ പ്രമേയമായി വരുന്ന അഞ്ചു ഭാഗങ്ങൾ, അവയെ കൂട്ടിയിണക്കുന്ന ആറാമത്തെ ഭാഗം. വ്യത്യസ്ത ആസ്പെക്ട് അവതരിപ്പിച്ച് വ്യത്യസ്ത കാഴ്ചകൾ കൊണ്ടുവരാൻ ആ സിനിമയിൽ ശ്രമിച്ചു. രണ്ടാമത്തെ സിനിമ ഒരു മോക്യുമെൻററി ആയിരുന്നു. സ്വന്തം കഥകൾ കഥാപാത്രങ്ങൾ തന്നെ ചോദ്യോത്തര രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു പരീക്ഷണം. കൃഷ്ണാഷ്ടമിയിലും ദൃശ്യപരമായ പരീക്ഷണം ഉണ്ട്. ഈ സിനിമ മലയാളത്തിലെ ഒരു പ്രത്യേക ഷോണറിലെ ആദ്യ ഫീച്ചർ ലെങ്ത് ഉള്ള സിനിമയായിരിക്കും. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ.
പഴയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണാഷ്ടമിക്ക് ഒരു പ്രൊഡക്ഷൻ ഹൗസിന്റെ സപ്പോർട്ട് ഉണ്ട്. ഇത് ചലച്ചിത്രത്തോടുള്ള സമീപനത്തെ മാറ്റിയിട്ടുണ്ടോ?
സിനിമ മറ്റു കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂലധനം കൂടുതൽ ആവശ്യമായി വരുന്ന കലാരൂപമാണ്. മൂലധനത്തിന് ചില താൽപര്യങ്ങൾ ഉണ്ടാവും. അത് കലയെ നിയന്ത്രിക്കും. ഈ പ്രശ്നം ഉള്ളതുകൊണ്ടാണ് ക്രൗഡ് ഫണ്ടിങ്ങിലേക്ക് തിരിയുന്നത്. ആദ്യ രണ്ടു സിനിമകൾ അങ്ങനെ പൂർത്തിയാക്കാൻ ശ്രമിച്ചവയായിരുന്നു. വളരെ ചെറിയ തുക അപ്രകാരം കണ്ടെത്തുകയും ചെയ്തു. മൂന്നാമത്തെ സിനിമയും ക്രൗഡ് ഫണ്ടിങ്ങിൽ തുടങ്ങിയതാണ്. ഇടയ്ക്ക് അനിൽ അമ്പലക്കരയുടെ അമ്പലക്കര ഗ്ലോബൽ ഫിലിംസ് സിനിമയിലേക്ക് കടന്നു വരികയായിരുന്നു. വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ഇത്. സിനിമയുടെ കണ്ടെൻ്റിലോ ക്രൂവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലോ ഒന്നും പ്രൊഡ്യൂസർ ഇടപെട്ടിട്ടില്ല. ക്രിയേറ്റർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ സിനിമയുടെ നിർമ്മാണത്തിൻ്റെ കാര്യത്തിൽ ആദ്യ രണ്ടു സിനിമകളിലേതുപോലെ തന്നെയാണ് ഇവിടെ അനുഭവപ്പെട്ടത്. സംവിധായകൻറെ സ്വാതന്ത്ര്യം എൻറെ കാര്യത്തിൽ മൂന്ന് സിനിമകളിലും ഒരുപോലെയായിരുന്നു.
മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണാഷ്ടമിയിൽ പാട്ടുകൾ ഉണ്ടല്ലോ?
കൃഷ്ണാഷ്ടമിയിൽ ഒരു പ്രത്യേക സന്ദർഭത്തിൽ കഥാപാത്രങ്ങളെല്ലാം ഒരു പ്രത്യേക ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ആ സമയത്ത് അവർ പാടുകയും വാദ്യമേളങ്ങൾ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അത്തരത്തിൽ അവർ പാടുന്ന പാട്ടുകളാണ് ഈ സിനിമയിൽ ഉള്ളത്. സിനിമയിൽ സിറ്റുവേഷൻ ഡിമാൻഡ് ചെയ്യുമ്പോൾ പാട്ടുകൾ ഉണ്ടാകേണ്ടതുണ്ട്. രണ്ടു പാട്ടുകൾ വൈലോപ്പിള്ളിയുടെ തന്നെ വരികളാണ്. ഞാൻ നാലു പാട്ടുകളെഴുതി. സുകുമാരകവിയുടെ 'ശ്രീകൃഷ്ണവിലാസം' എന്ന കാവ്യത്തിൽ നിന്ന് നാലുവരി ഉപയോഗിച്ചിട്ടുണ്ട്. പാട്ടുകൾ കമ്പോസ് ചെയ്തിരിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും ശ്രീ. ഔസേപ്പച്ചനാണ്. ഔസേപ്പച്ചൻ സർ തന്നെ ഇതിൽ ഒരു പാട്ടു പാടിയിട്ടുണ്ട്. കൂടാതെ വിദ്യാധരൻ മാസ്റ്റർ ജയരാജ് വാര്യർ എന്നിവർക്കൊപ്പം പുതിയ തലമുറയിലെ സ്വർണ്ണ, ഇന്ദുലേഖ വാര്യർ, അമൽ ആൻ്റണി, ചാർലി ബഹറിൻ തുടങ്ങിയവരും പാട്ടുകൾ പാടിയിട്ടുണ്ട്. പാട്ടുകൾ സീന മ്യൂസിക് പുറത്തിറക്കി കൊണ്ടിരിക്കുകയാണ്.
സംവിധായകൻ ജിയോ ബേബിയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ജിയോ ബേബിയെ കഴിഞ്ഞ IFFK സമയാത്താണ് ആദ്യമായി നേരിട്ട് കണ്ട് സംസാരിക്കുന്നത്. ഐ എഫ് എഫ് കെ യിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് കൃഷ്ണാഷ്ടമിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആകുമോ എന്ന് ജിയോ ചേട്ടനോട് ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന് സ്ക്രിപ്റ്റ് കൈമാറുകയും അത് ഇഷ്ടമാവുകയും ചെയ്തു. ദരിദ്ര്യവസ്ഥയിലുള്ള ഒരു കലാകാരന്റെ ജീവിതമാണ് ഈ സിനിമയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്.
സിനിമയിൽ അഭിനയിച്ചവരെക്കുറിച്ചും ക്രൂവിനെക്കുറിച്ചും പറയാമോ?
അഭിനേതാക്കളിലും ക്രൂവിലും വലിയൊരു പങ്ക് സുഹൃത്തുക്കളാണ്. അവർ പലരും മുൻപുള്ള സിനിമ വഴി സുഹൃത്തുക്കൾ ആയതുമാണ്. ഓരോ സിനിമയും പുതിയ സൗഹൃദങ്ങളെ കൊണ്ടുവരുന്നു. അത്തരത്തിൽ പഴയ സുഹൃത്തുക്കളും പുതിയ സുഹൃത്തുക്കളും അടങ്ങിയതാണ് ക്രൂ. ക്യാമറ ചെയ്തിരിക്കുന്നത് ജിതിൻ മാത്യു ആണ്. എഡിറ്റിംഗ് അനു ജോർജ്. സൗണ്ട് രബീഷ്. അഭിജിത്ത് ചിത്രകുമാറും മഹേഷും ആണ് അസോസിയേറ്റ് ഡയറക്ടർമാർ. ജയേഷ് എൽ ആർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ മാനേജർ ശ്രീജിത് വിശ്വനാഥൻ ആണ്. കാർത്തിക് ജോഗേഷാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ദിലീപ് ദാസ് പ്രൊഡക്ഷൻ ഡിസൈനറും ഷാജി ഏജ് ഓൺ പ്രോജക്ട് ഡിസൈനറും ആണ്. ഹരിദാസ് ആണ് അസിസ്റ്റൻ്റ് ഡയറക്ടർ.
സൂര്യ, അപർണ അശോക്, കൃഷ്ണൻ നായർ, രാജേഷ് ബി, ജിയോമി ജോർജ്, അജിത് സാഗർ, പി.കെ കുഞ്ഞ്, വിഷ്ണുദാസ്, ഫൈസൽ അനന്തപുരി , കെൻഷിൻ തുടങ്ങിയവരാണ് പ്രധാന റോളുകളിലെത്തിയിരിക്കുന്നത്.