'ഞാനുമൊരു സോജപ്പൻ ഫാൻ, എന്നെയും ആ അസോസിയേഷനിൽ ചേര്‍ക്കൂ'; ട്രോളുകൾക്ക് മറുപടിയുമായി പൃഥ്വിരാജ്
'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 4K പതിപ്പ് ഏതാനും ദിവസങ്ങൾക്ക് മുൻപ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു
പൃഥ്വിരാജിനെ നായകനാക്കി നടൻ മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഒലിക്കര സോജപ്പൻ എന്ന കഥാപാത്രം ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുകയാണ് സോജപ്പൻ. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ്. താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്.
കലണ്ടറിലെ 'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ 4K പതിപ്പ് ഏതാനും ദിവസങ്ങൾക്ക് മുൻപ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോജപ്പൻ വീണ്ടും ട്രോളുകളിൽ നിറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പൻ്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.
2009ലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നവ്യ നായരായിരുന്നു പൃഥ്വിയുടെ നായിക. സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.