ദോഹ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം
നവംബർ 28 വരെയാണ് മേള
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേളയായ, ദോഹ ഫിലിം ഫെസ്റ്റിവൽ -ഡിഎഫ്എഫിന്- നാളെ തിരശ്ശീല ഉയരും. നവംബർ 28 വരെയാണ് മേള. ലോകത്തുടനീളമുള്ള നൂറോളം ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
നോവും ആഹ്ലാദവും നിറഞ്ഞ പല തരം കാഴ്ചകളിലേക്കുള്ള കിളിവാതിൽ തുറക്കുന്നതാകും ഇത്തവണത്തെ ദോഹ ഫിലിം ഫെസ്റ്റിവൽ. 62 രാഷ്ട്രങ്ങളിൽ നിന്നുള്ള 97 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഫീച്ചർ ഫിലിം, ഷോർട് ഫിലിം, അജ് യാൽ ഫിലിം, മെയ്ഡ് ഇൻ ഖത്തർ എന്നീ നാലു വിഭാഗങ്ങളിൽ മത്സരം നടക്കും. ആകെ മൂന്നു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.
തുനീഷ്യൻ സംവിധായിക കൗസർ ബിൻ ഹാനിയയുടെ ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് ആണ് ഉദ്ഘാടന ചിത്രം. ഇസ്രായേൽ ആക്രമണത്തിനിടെ പെട്ടുപോയ അഞ്ചു വയസ്സുകാരിയുടെ കഥ പറയുന്നതാണ് ഈ സിനിമ. ഫലസ്തീൻ സംവിധായകരായ താർസാൻ, അറബ് നാസർ എന്നിവരുടെ സംയുക്ത സംവിധാന സംരംഭമായ വൺസ് അപോൺ എ ടൈം ഇൻ ഗസ്സ, ഫലസ്തീൻ ഫിലിം മേക്കർ കമാൽ അലി ജാഫരിയുടെ വിത്ത് ഹസൻ ഇൻ ഗസ്സ, സുഡാൻ ചിത്രം ഖാർത്തൂം തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
സിനിമ മാത്രമല്ല, മേളയിൽ സംവാദവും സംഗീതവും അരങ്ങേറും. സ്റ്റീവൻ സോഡർബെർഗ്, ദാന അൽ മീർ, സൈന്റ് ലെവന്റ്, ദാന അൽ ഫർദാൻ, മെഹ്ദി ഹസൻ തുടങ്ങിയവർ സദസ്സുമായി സംവദിക്കാനെത്തും. കതാറ കൾച്ചറൽ വില്ലേജ്, ലുസൈൽ ബൊലിവാർഡ് അടക്കം ഏഴിടങ്ങളിലാണ് മേള അരങ്ങേറുന്നത്.