'ആകാശഗംഗ'യിൽ യക്ഷിയെ പൂച്ചയാക്കുന്ന രംഗത്തിന് ചെലവായത് ഒരു സെക്കൻഡിന് 12,000 രൂപ': വിനയൻ
ഇന്നാണെങ്കില്‍ അമ്പിളി ചേട്ടന്‍റെ ഫോട്ടോയും ഒരു കുഞ്ഞന്റെ ഫോട്ടോയും കൊടുത്താല്‍ എന്ത് ഡാന്‍സ് വേണമെങ്കിലും നമുക്ക് കളിപ്പിക്കാം
കൊച്ചി: മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് മമ്മൂട്ടിയെയും മോഹൻലാലിനെയും അവതരിപ്പിച്ചതിന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ വിനയൻ. മലയാളത്തിലെ ആദ്യ നിര്‍മിതബുദ്ധി അധിഷ്ഠിത ചിത്രം 'മണികണ്ഠന്‍: ദ് ലാസ്റ്റ് അവതാര്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം സിനിമകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു വിനയൻ.
"1999 ല്‍ 26 വര്‍ഷം മുൻപ് 'ആകാശഗംഗ' ചെയ്യുമ്പോള്‍, മയൂരി എന്ന് യക്ഷിയുടെ മുഖം മോര്‍ഫ് ചെയ്ത് പൂച്ചയുടേതു പോലെയാക്കുന്ന ഷോട്ടുണ്ട്. ആ മോര്‍ഫിങ്ങിന് അന്ന് ഒരു സെക്കന്‍ഡിന് 12,000 രൂപയാണ്. ഇന്ന് മുന്നൂറോ അഞ്ഞൂറോ മറ്റോ ഉള്ളൂ. 'അത്ഭുതദീപ്' ചെയ്യുമ്പോള്‍, ജഗതി ശ്രീകുമാര്‍- അമ്പിളി ചേട്ടനെ- കുഞ്ഞനായി ഡാന്‍സ് ചെയ്യിക്കണം. എന്ത് കഷ്ടപ്പാടാണ് നമ്മളന്ന് ചെയ്യുന്നത്. ഇന്നാണെങ്കില്‍ അമ്പിളി ചേട്ടന്‍റെ ഫോട്ടോയും ഒരു കുഞ്ഞന്റെ ഫോട്ടോയും കൊടുത്താല്‍ എന്ത് ഡാന്‍സ് വേണമെങ്കിലും നമുക്ക് കളിപ്പിക്കാം.
ഹള്‍ക്ക് പോലെ കൊച്ചുകുട്ടി വലുതാകുന്ന കണ്‍സെപ്റ്റ് ആയിരുന്നു അതിശയന്‍റേത്. എത്രയോ വര്‍ഷം എടുത്താണ് അന്നൊക്കെ ഒരു ഹോളിവുഡ് പടം ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ചെറിയ ബജറ്റിങ്ങും റിലീസ് ടൈമുമൊക്കെയാണല്ലോ. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഗ്രാഫിക്‌സ് അതില്‍ വന്നില്ല. പക്ഷേ അത്തരം ചിന്തകൾ ഉണ്ടായി.
'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അവതരിപ്പിച്ചു, സിജിയില്‍ കൂടി. അന്ന് വലിയ പ്രശ്‌നമായി. ഒന്നോ രണ്ടോ വര്‍ഷം എന്നെ അവര്‍ വിലക്കി. ഇന്ന് മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊക്കെ ഒരുവര്‍ഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാം. ഫോട്ടോസ് കൊടുത്താല്‍ മതിയല്ലോ. അവര്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ എക്‌സ്പ്രഷന്‍സോടെ അഭിനയിക്കും.
നമ്മുടെ ആര്‍ട്ടിസ്റ്റുകള്‍ മോശക്കാരല്ല. വളരെ മികച്ച അഭിനേതാക്കളാണ്. അവര്‍ ചെയ്തിട്ടുള്ള അഭിനയത്തിന് മുകളില്‍ എക്‌സ്പ്രഷന്‍സ് കണ്ടാല്‍ നമുക്ക് ഞെട്ടിയല്ലേ പറ്റത്തുള്ളൂ. ആ കാലമാണ് വരുന്നത്. അതുകൊണ്ട് വലിയ ജാഡകള്‍ ഒന്നും ആര്‍ക്കും കാണിക്കാന്‍ പറ്റില്ല. അതിനുമുകളില്‍ കാണിക്കുന്ന, വിരല്‍ത്തുമ്പില്‍ എടുക്കാന്‍ പറ്റുന്ന ടെക്‌നീഷ്യന്‍സിന്റെ നാളുകളാണ് സിനിമയിലും ടെക്‌നോളജിയും വരുന്നത്"- വിനയൻ പറഞ്ഞു.