'വെല്ലൂരിലെത്തിയിട്ട് രണ്ട് മാസം, ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല'; രാജേഷ് കേശവിന്‍റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്തിന്‍റെ കുറിപ്പ്

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു

Update: 2025-11-20 09:23 GMT
Editor : Jaisy Thomas | By : Web Desk

വെല്ലൂര്‍:പരിപാടിക്കിടെ കുഴഞ്ഞുവീണ് വെല്ലൂര്‍ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. രാജേഷ് വെല്ലൂര്‍ സിഎംസി ആശുപത്രിയിൽ എത്തിയിട്ട് രണ്ട് മാസമാകുന്നുവെന്നും രാജേഷിനെ ആക്ടീവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അത്ഭുതകരമായ മാറ്റമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട രാജേഷ് കേശവ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ രണ്ട് മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും അവൻ ഹോസ്റ്റ് ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസെന്‍റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

Advertising
Advertising

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി.

ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും,, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.

പ്രാർത്ഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം . ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർത്ഥന . 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News