കരിയർ ബെസ്റ്റ് പ്രകടനവുമായി ദുൽഖർ സൽമാൻ; ക്ലാസിക്കായി 'കാന്ത'

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്

Update: 2025-11-15 12:38 GMT
Editor : നബിൽ ഐ.വി | By : Web Desk

ദുൽഖർ സൽമാൻ നായകനായെത്തിയ 'കാന്ത' വമ്പൻ പ്രേക്ഷക നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ, ദുൽഖർ സൽമാൻ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്. ഒരു നടനെന്ന നിലയിൽ ഏത് തരത്തിലുള്ള കഥാപാത്രവും ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുൽഖർ സൽമാൻ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുൽഖർ സൽമാൻ നൽകിയത്.

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertising
Advertising

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത്രയും പഴയ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തിന് ജീവൻ നൽകുമ്പോഴും, ദുൽഖർ അതിൽ പുലർത്തിയ സൂക്ഷ്മതയും അച്ചടക്കവും വളരെ വലുതാണ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല ഒരു നടൻ എന്ന നിലയിലും ഇന്ത്യൻ സിനിമയിൽ ദുൽഖർ സൽമാനെ അടയാളപ്പെടുത്തുന്ന ഒരു പ്രകടനമായി കാന്തയിലെ നടിപ്പ് ചക്രവർത്തിയായ ടി കെ മഹാദേവൻ ആയുള്ള പ്രകടനം വാഴ്ത്തപ്പെടും. ഓരോ നോട്ടം കൊണ്ടും ഭാവം കൊണ്ടും, കഥാപാത്രത്തിന് പകർന്നു നൽകിയ ശരീര ഭാഷ കൊണ്ടും വെള്ളിത്തിരയിൽ ജീവിച്ചു കാണിച്ച ദുൽഖർ, തന്റെ കൃത്യതയാർന്ന ഡയലോഗ് ഡെലിവറി കൊണ്ടും സ്‌ക്രീനിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ദുൽഖർ നടത്തിയ പകർന്നാട്ടമാണ് കാന്തയുടെ തന്നെ നട്ടെല്ലായി നിൽക്കുന്നത്. ഏത് ഭാഷയിലെ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും ഇതെല്ലാം നൽകാൻ സാധിക്കുന്നു എന്നതാണ് ദുൽഖറിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത് എന്നതും എടുത്തു പറയണം.

സഹതാരങ്ങളായ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ഗംഭീര പ്രകടനങ്ങളുമായി ചിത്രത്തിൽ നിറയുമ്പോൾ, അവരുമായി ദുൽഖർ ഉണ്ടാക്കിയ ഓൺസ്‌ക്രീൻ രസതന്ത്രവും ഈ നടന്റെ മികവിന് ഉദാഹരണമായി ചൂണ്ടി കാണിക്കാൻ സാധിക്കും. സഹതാരങ്ങളുമായി ഉണ്ടാക്കാൻ സാധിക്കുന്ന മനോഹരമായ കെമിസ്ട്രിയാണ് ഒരു നല്ല നടന്റെ ലക്ഷണങ്ങളിലൊന്ന് എന്നത് ഒരിക്കൽ കൂടി ഇവിടെ തെളിയിക്കപ്പെടുകയാണ്. മോഡേൺ സ്റ്റൈലിഷ് കഥാപാത്രമായും ഒരു പീരീഡ് ഡ്രാമയിലെ റെട്രോ സ്റ്റൈലിൽ വരുന്ന കഥാപാത്രമായും സാധാരണക്കാരനായും അതിമാനുഷനായുമെല്ലാം ഒരേപോലെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ കഴിയുന്നു എന്നതാണ് ദുൽഖർ സൽമാൻ എന്ന നടനെ ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാക്കി മാറ്റുന്നത്. കാന്തയിലെ ഈ ഗംഭീര പ്രകടനം ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് നേടികൊടുക്കാൻ സാധ്യതയുണ്ടന്ന് നിരൂപകരും സിനിമാ പ്രേമികളും പറയുന്നതിന് കാരണവും, ആ കഥാപാത്രത്തിന് അദ്ദേഹം പകർന്നു നൽകിയ സ്വാഭാവികതയും വിശ്വസനീയതയുമാണ്.

വമ്പൻ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശം സൃഷ്ടിച്ചു കൊണ്ടാണ് കാന്ത മുന്നേറുന്നത്. ഒരേ സമയം ഒരു പീരീഡ് ഡ്രാമ ആയും ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയും മുന്നേറുന്ന ചിത്രം സമ്മാനിക്കുന്നത് ഗംഭീര തീയേറ്റർ അനുഭവമാണെന്നും പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ദുൽഖർ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറെർ ഫിലിംസ് തന്നെയാണ്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News