ബോംബെ തിയറ്ററിൽ തുടര്‍ച്ചയായി 5 വര്‍ഷം പ്രദര്‍ശിപ്പിച്ച ചിത്രം; രമേശ് സിപ്പിയുടെ ക്ലാസിക് ചിത്രത്തിന് ആദ്യമിട്ട പേര് 'ഷോലെ' ആയിരുന്നില്ല
ചമ്പലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എഴുത്തുകാരനായ സലിം ഖാന് ഷോലെ എന്ന ചിത്രത്തിലേക്ക് നയിച്ച ആശയം ലഭിക്കുന്നത്
മുംബൈ: ബോളിവുഡിന്‍റെ തിളക്കമാര്‍ന്ന ലോകത്ത് നിരവധി സിനിമകൾ വന്നുപോകാറുണ്ട്. ചിലത് ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു, ചിലതാകട്ടെ മൂക്കുംകുത്തി വീഴുന്നു. എന്നാൽ കാലാതീതമായ ചിത്രങ്ങളുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് 50 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു സിനിമ. ആളുകൾ ഇപ്പോഴും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും അതിലെ രംഗങ്ങളെക്കുറിച്ചും ശക്തമായ സംഭാഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ രസകരമായ കാര്യം, ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററാകുന്നതിന് മുമ്പ്, അതിന് എങ്ങനെ ആ പേര് ലഭിച്ചു എന്നതിനെക്കുറിച്ച് രസകരമായ കഥയുണ്ട്.
ചമ്പലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എഴുത്തുകാരനായ സലിം ഖാന് ഷോലെ എന്ന ചിത്രത്തിലേക്ക് നയിച്ച ആശയം ലഭിക്കുന്നത്. അവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ അപകടകാരികളായ കൊള്ളക്കാരെക്കുറിച്ചുള്ള യഥാർഥ കഥകൾ പറഞ്ഞുകൊടുത്തു. ഈ കഥകളിൽ നിന്നാണ് ഷോലെയുടെ പിറവി. തുടക്കത്തിൽ വളരെ ലളിതമായ കഥയായിരുന്നു ഷോലെയുടേത്. പിന്നീടാണ് കഥയിലേക്ക് ജയ്, വീരു എന്നീ കഥാപാത്രങ്ങളെത്തുന്നത്. സലിം ഖാനും ജാവേദ് അക്തറും രമേശ് സിപ്പിയും അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ചേര്‍ന്നപ്പോൾ ഒരു വലിയ മൾട്ടി സ്റ്റാര്‍ ചിത്രമായി മാറുകയായിരുന്നു.
തിരക്കഥ തയ്യാറായപ്പോൾ ചിത്രത്തിന്‍റെ പേരിനെക്കുറിച്ചായി ചര്‍ച്ച. ഒരു പാട് പേരുകൾ മാറിമാറിവന്നു. തീക്കനൽ എന്നർത്ഥം വരുന്ന 'അങ്കാരേ' എന്ന പേരും പരിഗണനയിൽ വന്നു. പക്ഷെ ഇതൊന്നും അണിയറപ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ഒടുവിൽ സലീമും ജാവേദും ചേര്‍ന്നാണ് ഷോലെ എന്ന പേര് നിര്‍ദേശിക്കുന്നത്. തീക്കനൽ അല്ലെങ്കിൽ ജ്വാലകൾ എന്നാണ് ഷോലെ എന്ന വാക്കിന്‍റെ അര്‍ഥം. പേര് കേട്ടപ്പോൾ തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. സിനിമയിലെ പോലെ തന്നെ കോപം, പ്രതികാരം, വേദന, സൗഹൃദത്തിന്റെ ഊഷ്മളത എന്നിവ നിറഞ്ഞ പേര്.
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ഷോലെ. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബൈയിലെ 'മിനർവ' ചലച്ചിത്രശാലയിൽ പ്രദർശിപ്പിക്കപ്പെട്ടു. ഷോലെയിലെ ഉപനായകവേഷമാണ് അമിതാഭ് ബച്ചനെ ഇന്ത്യയിലെ ഏറ്റവും ജനകീയനായ സൂപ്പർ താരമായി ഉയർത്തിയത്. അംജദ് ഖാൻ തിരക്കുള്ള നടനായി മാറായതും ഷോലെക്ക് ശേഷമാണ്.
50 വര്‍ഷങ്ങൾക്ക് ശേഷം ചിത്രം റീറിലീസിനൊരുങ്ങുകയാണ്. 4കെ പതിപ്പാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 'ഷോലെ - ദി ഫൈനൽ കട്ട്' എന്ന പേരിൽ ഈ വരുന്ന ഡിസംബർ 12-ന് രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്യും.