ഇങ്ങനെയുമുണ്ടോ വാടകക്കൊള്ള; കരിഷ്മ കപൂര്‍ സ്വന്തം ഫ്ലാറ്റിന് ഈടാക്കുന്ന വാടക കേട്ടാൽ ഞെട്ടും!
നവംബറിൽ രജിസ്റ്റര്‍ ചെയ്ത ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം ഒരു വര്‍ഷം കരിഷ്മക്ക് വാടകയിനത്തിൽ ലഭിക്കുന്നത് 66.12 ലക്ഷം രൂപയാണ്
മുംബൈ: ബംഗളൂരു പോലെ വാടകക്കൊള്ളക്ക് പേര് കേട്ട നഗരമാണ് മുംബൈയും. ഒരു ബെഡ്റൂം ഫ്ലാറ്റിന് 50000 രൂപ മുതല്‍ 70000 രൂപ വരെയാണ് വാടകയായി ഈടാക്കുന്നത്. അപ്പോൾ പിന്നെ ആഡംബര ഫ്ലാറ്റുകളുടെ കാര്യം പറയാനുണ്ടോ. പ്രശസ്ത ബോളിവുഡ് നടി കരിഷ്മ കപൂര്‍ മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ആഡംബര അപ്പാര്‍ട്ട്മെന്‍റ് ഈയിടെ വാടകക്ക് നൽകിയിരുന്നു. ഒന്നും രണ്ടും ലക്ഷമല്ല 5.51 ലക്ഷം രൂപയാണ് ഈ ഫ്ലാറ്റിന്‍റെ പ്രതിമാസ വാടക.
നവംബറിൽ രജിസ്റ്റര്‍ ചെയ്ത ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം ഒരു വര്‍ഷം കരിഷ്മക്ക് വാടകയിനത്തിൽ ലഭിക്കുന്നത് 66.12 ലക്ഷം രൂപയാണ്. രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ 17,100 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രൂപ രജിസ്ട്രേഷൻ ചാർജും ഉൾപ്പെടുന്നു. 20 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയത്. ഹിൽ റോഡിലെ ഗ്രാൻഡ് ബേ കോണ്ടോമിനിയത്തിലാണ് 2,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് കാര്‍ പാര്‍ക്കിങ് ഏരിയകളും ഇതിൽ ഉൾപ്പെടുന്നു.
2023 നവംബര്‍ മുതൽ ഈ അപ്പാര്‍ട്ട്മെന്‍റ് വാടകക്ക് നൽകുന്നുണ്ട്. ആദ്യ വർഷം 5 ലക്ഷം രൂപയും രണ്ടാമത്തെ വർഷം 5.25 ലക്ഷം രൂപയുമായിരുന്നു വാടക. മുംബൈയിലെ സമ്പന്നരുടെ കേന്ദ്രമാണ് ബാന്ദ്ര. ഷാരൂഖ് ഖാൻ, രണ്‍വീര്‍ സിങ്, സെയ്‍ഫ് അലിഖാന്‍,ആലിയ ഭട്ട് തുടങ്ങി ബിടൗണിലെ നിരവധി താരങ്ങള്‍ക്ക് ബാന്ദ്രയില്‍ അപ്പാര്‍ട്ടുമെന്‍റുകളുണ്ട്.
അതേസമയം കരിഷ്മയുടെ മുൻഭര്‍ത്താവും അന്തരിച്ച വ്യവസായിയുമായ സഞ്ജയ് കപൂറിന്‍റെ 30,000 കോടി മൂല്യമുള്ള സ്വത്തിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാവുകയാണ്. സഞ്ജയുടെ ഭാര്യ പ്രിയ സച്ച്ദേവും കരിഷ്മയും തമ്മിലാണ് നിയമപോരാട്ടം. പ്രിയ അനന്തരാവകാശത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കുന്നതിനായി സഞ്ജയുടെ വ്യാജ വിൽപത്രം ഉണ്ടാക്കിയതായി ആരോപിച്ച് കരിഷ്മയുടെ മക്കളായ സമൈറയും കിയാനും ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.