സൂപ്പർതാരങ്ങളുടെ ഹൈ സാലറിക്ക് വിട; കോളിവുഡിൽ ഇനി ശമ്പളമില്ല, ലാഭ വിഹിതം മാത്രം
നിർമാതാവിന് നഷ്ടം സംഭവിക്കേണ്ട സാഹചര്യത്തിന് തടയിടാനൊരുങ്ങുകയാണ് കോളിവുഡ്. ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണത്തിലും റിലീസിലുമടക്കം മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളിൽ മുൻപന്തിയിലുള്ളവരാണ് രജിനീകാന്തും വിജയ്യും. സൂപ്പർസ്റ്റാർ കൂലിക്കായി വാങ്ങിയ പ്രതിഫലം 200 കോടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ജനനായകന് വേണ്ടി വിജയ് വാങ്ങുന്നതാകട്ടെ 275 കോടിയെന്നാണ് റിപ്പോർട്ട്. കൂലിക്കായി ലോകേഷ് വാങ്ങിയത് 50 കോടിയാണ്. ഇതേത്തുടർന്ന് കൈതി 2വിന്റെ സമയത്ത് നിർമാതാവുമായി പ്രതിഫലം സംബന്ധിച്ച തർക്കമുണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കൊല്ലം തമിഴകത്ത് ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു കൂലി. കോളിവുഡിന്റെ ആദ്യ 1000 കോടിയെന്ന പ്രതീക്ഷയുമായെത്തിയ ചിത്രത്തിന് പക്ഷേ 518 കോടി മാത്രമേ നേടാനായുള്ളൂ.
ഇത്തരത്തിൽ വമ്പൻ ബഡ്ജറ്റിലെത്തി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതെ പോയ ഒരുപിടി സിനിമകൾ ഈ വർഷം പുറത്തിറങ്ങി. ഇങ്ങനെ നിർമാതാവിന് നഷ്ടം സംഭവിക്കേണ്ട സാഹചര്യത്തിന് തടയിടാനൊരുങ്ങുകയാണ് കോളിവുഡ്. ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണത്തിലും റിലീസിലുമടക്കം മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. താരങ്ങൾക്ക് നിശ്ചിത പ്രതിഫലം മുൻകൂർ നൽകുന്നതിന് പകരം സിനിമയിൽ നിന്നുള്ള ലാഭവിഹിതം പങ്കിട്ടാൽ മതിയെന്ന പ്രമേയം ടി.എഫ്.പി.സി ജനറൽ ബോഡി പാസാക്കി. സൂപ്പർതാരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ രജിനികാന്ത്, വിജയ്, അജിത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊന്നും തന്നെ ഇനിമുതൽ മുൻകൂർ പ്രതിഫലം ലഭിക്കില്ല. പുതിയ തീരുമാനപ്രകാരം സിനിമയുടെ വിജയപരാജയത്തെ അനുസരിച്ചാകും താരങ്ങളുടെ പ്രതിഫലം തീരുമാനിക്കപ്പെടുക. സിനിമ വിജയിച്ചാൽ ലാഭത്തിന്റെ ഒരു വിഹിതം അവർക്ക് ലഭിക്കും. പരാജയമാണെങ്കിൽ നഷ്ടം സഹിക്കേണ്ടിയും വരും.
സിനിമകളുടെ ഒടിടി റിലീസിനും പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിര താരങ്ങളുടെ സിനിമകൾ തിയറ്റർ റിലീസിന് എട്ട് ആഴ്ചയ്ക്കുശേഷമേ ഇനിമുതിൽ ഓടിടി പ്ലാറ്റ്ഫോമുകളിൽ പുറത്തിറക്കാനാകൂ. മിതമായ ബജറ്റിലൊരുങ്ങിയ സിനിമകള്‍ ആറാഴ്ചയ്ക്ക് ശേഷവും ലോ ബഡ്ജറ്റിലുള്ള സിനിമകള്‍ നാലാഴ്ചയ്ക്ക് ശേഷവും ഒടിടിയില്‍ റിലീസ് ചെയ്യാം. ചെറിയ ബജറ്റിലൊരുങ്ങുന്ന സിനിമകൾക്ക് മതിയായ വിസിബിലിറ്റി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഒരു ഫിലിം റിലീസ് റെഗുലേഷന്‍ കമ്മിറ്റി രൂപം നല്‍കുവാനും യോഗത്തിൽ നിർദേശിച്ചു. തിയേറ്റര്‍ വരുമാനം സംരക്ഷിക്കുകയെന്നതാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ടി.എഫ്.പി.സി ലക്ഷ്യമിടുന്നത്.
സിനിമാചിത്രീകരണത്തിനിടെ വെബ് സീരിസുകളുടെ ഷൂട്ടിന് പോകുന്നതിനെയും സംഘടന എതിർക്കുന്നു. ഈ പ്രമേയം ലംഘിക്കുന്നവര്‍ക്ക് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള സഹകരണം ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്നു. അവാര്‍ഡ് ദാന ചടങ്ങുകൾക്കും സംഗീത പരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണമെന്നും സംഘടന അറിയിച്ചു. അല്ലാത്തപക്ഷം നിമയനടപടിയിലേക്ക് കടക്കുമെന്നും കൗൺസിൽ അറിയിച്ചു.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തമിഴ്നാട് സർക്കാരിന്റെ കീഴിൽ വരണമെന്ന ആവശ്യവും പ്രമേയത്തിൽ ഉയർന്നുവന്നു. നിലവിൽ പ്രൈവറ്റ് സൈറ്റുകളുടെ കീഴിലുള്ള ബുക്കിങ് സിസ്റ്റത്തിന് സുതാര്യത ഇല്ല. ഇത് സർക്കാരിന് കീഴിലായാൽ നിർമാതാക്കൾക്ക് ന്യായമായ വരുമാനം ലഭിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നാൽ, തമിഴ് സിനിമയിൽ സാമ്പത്തിക ക്രമം കൈവരുമെന്നും തൊഴിൽ സാഹചര്യം കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും കൗൺസിൽ വിലയിരുത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ മോളിവുഡിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓരോ മാസവും കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരുന്നു. സിനിമാ മേഖലയിൽ നിന്ന് തന്നെ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം ചിത്രങ്ങള്‍ നേടുന്ന നെറ്റ് കളക്ഷന്‍ ആയിരുന്നു സംഘടന പുറത്തുവിട്ടിരുന്നത്. അസോസിയേഷന്റെ കണക്കുകൾ അപൂർണമാണെന്നും ആക്ഷേപം ഉയർന്നു. പിന്നീട് പുതിയ ഭരണസമിതി വന്നതോടെ കണക്കുകൾ പുറത്തുവിടുന്നത് അസോസിയേഷൻ അവസാനിപ്പിക്കുകയായിരുന്നു. തമിഴകത്തെ പുതിയ തീരുമാനങ്ങൾ കേരളത്തിലടക്കം വരും ദിവസങ്ങളിൽ ചർച്ചയായേക്കും. പുതിയ പ്രമേയങ്ങൾ എത്ര കണ്ട് പാലിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം.